'നോവ ബസിന്‍റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍'; അനുഗ്രഹയുടെ കൈകളില്‍ ഈ വളയം ഭദ്രം കോഴിക്കോട്: വളയിട്ട കൈകളിൽ വളയം പിടിച്ച കഥകൾ പലതും കേട്ടതാണ്. എന്നാൽ പൊതു ഗതാഗത രംഗത്ത് ഹെവി ലൈസൻസ് എടുത്ത് സ്വകാര്യ ബസിന്‍റെ ഡ്രൈവറായ പെൺകുട്ടി പലർക്കും അതിശയമാണ്. മേപ്പയ്യൂർ എടത്തിൽ മുക്ക് മുരളീധരൻ-ചന്ദ്രിക ദമ്പതിമാരുടെ മകളായ അനുഗ്രഹയാണ് പേരാമ്പ്ര -വടകര റൂട്ടിൽ ഡ്രൈവറായത്.
ജൂൺ മൂന്ന് ശനിയാഴ്‌ച രാവിലെ ഡബിൾ ബെൽ കേട്ടതു മുതൽ നോവ ബസിന്‍റെ സ്ഥിരം ഡ്രൈവറായിരിക്കുകയാണ് ഈ ഇരുപത്തിനാലുകാരി. സാഹസികതയേറെ ഇഷ്‌ടപ്പെടുന്ന അനുഗ്രഹയ്ക്ക് ഡ്രൈവിങ് ചെറുപ്പം മുതലേയുള്ള ഇഷ്‌ടമാണ്. കഴിഞ്ഞയാഴ്‌ച ഹെവി ലൈസൻസ് കൈയിൽ കിട്ടിയതോടെ ബസ് ഓടിക്കുകയെന്ന ഏറെക്കാലമായുള്ള ഒരാഗ്രഹവും സഫലീകരിച്ചു.
വിദേശത്ത് പോകുന്നത് വരെ ഡ്രൈവിങ് തുടരുമെന്ന് അനുഗ്രഹ: ലോജിസ്‌റ്റിക്കിൽ മാസ്‌റ്റർ ബിരുദധാരിയാണ് അനുഗ്രഹ. പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചെങ്കിലും അത് രാജി വച്ചു. നിലവില്‍ വിദേശത്ത് ജോലിക്ക് ശ്രമിക്കുകയാണ് അനുഗ്രഹ. അതുവരെ ഡ്രൈവിങ്ങ് തുടരാനാണ് തീരുമാനം.
അച്ഛനും അമ്മാവനുമടക്കം കുടുംബത്തിൽ നിരവധി ഡ്രൈവർമാരുണ്ട്. ആ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ അച്ഛനാണ് ഏറെ കരുത്ത് പകർന്നത്. നോവ ബസിൻ്റെ മുതലാളിയോട് കാര്യം അവതരിപ്പിച്ചപ്പോൾ പൂർണ സമ്മതമായിരുന്നു.
സ്ഥിരം ഡ്രൈവറായ മുഹമ്മദ് ആവളയുടെ നിർദേശങ്ങൾ മുന്നോട്ടുള്ള വഴിക്ക് 'അനുഗ്രഹ'മായി. യാത്രക്കാരും വലിയ പിന്തുണയാണ് ലേഡി ഡ്രൈവർക്ക് നൽകുന്നത്. പേരാമ്പ്ര ട്രാൻസ്പോർട്ട് ഓഫിസറും 'അനുഗ്രഹം' നൽകി.
സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ പ്രശംസിക്കാൻ എത്തി. ഇരിങ്ങത്ത് വച്ച് നാട്ടുകാർ അനുഗ്രഹയെ ആദരിച്ചു. പേരാമ്പ്ര ട്രാൻസ്പോർട്ട് ഓഫീസറും 'അനുഗ്രഹം' നൽകി.
അനുഗ്രഹയുടെ കൈകളില്‍ വളയം ഭദ്രം: അതിനിടെ വടകരയിലെ ഒരു പ്രമുഖ ബസ് സർവീസ് കമ്പനി അവരുടെ പുതിയ ബസിൽ ഡ്രൈവറാകാൻ അനുഗ്രഹയെ ക്ഷണിച്ചതായും വിവരമുണ്ട്. എല്ലാ മേഖലയിലും സ്ത്രീകൾ കുതിപ്പ് തുടരുമ്പോൾ സാഹസികതയും തങ്ങൾക്ക് ചേരും എന്നതിന്‍റെ അടയാളപ്പെടുത്തലായി അനുഗ്രഹയും മാറിയിരിക്കുകയാണ്. തന്‍റെ കൈകളിൽ വളയം ഭദ്രമാണെന്ന് അനുഗ്രഹ തെളിയിച്ചു.
സ്‌കൂൾ പഠനകാലത്ത് എസ്.പി.സി, എൻ.എസ്.എസ് എന്നിവയിൽ അനുഗ്രഹ സജീവമായിരുന്നു. പ്ലസ്‌ടുവിന് പഠിക്കുമ്പോൾ ഹിമാചൽപ്രദേശിൽ അഡ്വഞ്ചറസ് ക്യാമ്പിൽ പങ്കെടുത്തത് വലിയ കരുത്ത് പകർന്നിരുന്നു.
ആംബുലന്‍സ് ഡ്രൈവറായി വീട്ടമ്മ: സമാനമായ രീതിയില്‍ ആംബുലന്‍സ് ഓടിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് കോഴിക്കോട് കക്കോടിക്കടുത്ത് കുരുവട്ടൂരിലെ പൊറ്റമ്മവ്ക ഹൗസിലെ ടി സി മുഹമ്മദിന്‍റെ ഭാര്യ അയിഷ. ഒരു ദിവസം പോലും ഒഴിവില്ലാതെ രോഗികളുമായുള്ള യാത്രയിലാണവര്‍. കൊവിഡ് കാലത്ത് കുരുവട്ടൂരിലെ രാജീവ്‌ജി ചാരിറ്റബിള്‍ ട്രസ്‌റ്റ് സൗജന്യ ആംബുലന്‍സ് സര്‍വീസ് തുടങ്ങിയപ്പോള്‍ അതിലേയ്‌ക്ക് ഒരു ഡ്രൈവറെ അന്വേഷിച്ചു നടക്കാതെ സ്വയം ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു അയിഷ. ചെറുപ്പം മുതലേ ഡ്രൈവിങിലുള്ള കമ്പമായിരുന്നു അയിഷയെ ആംബുലന്‍സ് ഡ്രൈവറാക്കിയത്.
ടൂ വീലര്‍ തുടങ്ങി ബസ് മുതല്‍ ജെസിബി വരെ ഓടിക്കാന്‍ ആയിഷയ്‌ക്ക് അറിയാം. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ തനിക്ക് അറിയാവുന്ന ജോലി മറ്റുള്ളവര്‍ക്കും പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കുകയാണ് ഈ വീട്ടമ്മ. 2017ല്‍ ഭര്‍ത്താവിന്‍റെ അമ്മ അസുഖബാധിതയായപ്പോഴാണ് അയിഷ ആദ്യമായി ആംബുലന്‍സ് ഡ്രൈവറാകുന്നത്.