കോഴിക്കോട്:നിയമസഭ തെരഞ്ഞെടുപ്പ് വേളയിലെ പരസ്യ പ്രതിഷേധത്തിൽ കുറ്റ്യാടിയിലെ പ്രാദേശിക നേതാക്കൾക്കെതിരെയും സിപിഎം നടപടി വരുന്നു. മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങളോട് പാർട്ടി വിഷയത്തിൽ വിശദീകരണം തേടി. ഏരിയ കമ്മറ്റി അംഗങ്ങളായ ടി കെ മോഹൻദാസ്, കെ പി ചന്ദ്രൻ, കുന്നുമ്മൽ കണാരൻ എന്നിവരോടാണ് പാർട്ടി വിശദീകരണം തേടിയത്.
രണ്ടു ലോക്കൽ കമ്മിറ്റികളിലെ നേതാക്കൾക്കെതിരെയും അച്ചടക്ക നടപടിക്ക് സാധ്യതയുണ്ട്. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയെ തരംതാഴ്‌ത്തിയതിന് പിന്നാലെയാണ് കീഴ്ഘടകങ്ങളിലെ നേതാക്കൾക്കെതിരെയും നടപടി വരുന്നത്. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ചു നടന്ന പരസ്യപ്രകടനമാണ് നടപടികളിലേക്ക് നയിച്ചത്.
സിപിഎം എംഎൽഎയെ പാർട്ടി തരംതാഴ്‌ത്തി
കുറ്റ്യാടിയിലെ വിമത നീക്കം സിപിഎം ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗം ചേരുകയും ചർച്ചക്കൊടുവിൽ കുഞ്ഞമ്മദ് കുട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കാൻ പാർട്ടി തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പാർട്ടി തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീൽ നൽകി.