കോഴിക്കോട് : കോഴിക്കോട് ഇരട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട അപ്പീൽ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. വിചാരണക്കോടതി വിധിക്കെതിരെ പ്രതികളും എൻ.ഐ.എയും സമർപ്പിച്ച അപ്പീലുകളിലാണ് ഡിവിഷൻ ബെഞ്ച് വിധി പറയുക.
ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലാം പ്രതി ഷഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസിൽ നിരപരാധികളാണെന്നും യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം.
പ്രതിചേർക്കപ്പെട്ടിരുന്ന അബ്ദുൽ ഹാലീം, ചെട്ടിപ്പടി യൂസുഫ് എന്നിവരെ വെറുതെ വിട്ടതിനെതിരായ എൻ.ഐ.എയുടെ അപ്പീലിലും ഇന്നാണ് വിധി. ഹർജി പരിഗണിച്ച വേളയിൽ നേരിട്ടെത്തി കേസ് വാദിക്കണമെന്ന തടിയന്‍റവിട നസീറിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതേ തുടർന്നാണ് തടിയന്‍റവിട നസീറിനെ ബംഗ്ലൂരുവിൽ നിന്നും ഹൈക്കോടതിയിലെത്തിച്ചത്.
ALSO READ:മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം
എന്നാൽ അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി ഇയാൾ കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് നസീറിനെ ബംഗ്ലൂരു ജയിലിലേക്ക് കൊണ്ടുപോകാൻ കോടതി നിർദേശിച്ചു. കോടതി നടപടി ഓൺലൈനായി പ്രതിക്ക് കാണാമെന്നും ബംഗ്ലൂരു ജയിൽ അധികൃതർ അതിനുള്ള സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
2006 മാർച്ച് മൂന്നിനായിരുന്നു കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും മൊഫ്യൂസൽ സ്റ്റാൻഡിലുമായി രണ്ട് ബോംബ് സ്ഫോടനങ്ങളുണ്ടായത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സ്ഫോടനം നടന്ന് പതിനഞ്ച് മിനുട്ടുകൾക്കു ശേഷമായിരുന്നു മൊഫ്യൂസൽ സ്റ്റാൻഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
ആദ്യം ക്രൈംബ്രാഞ്ചാണ് ഈ കേസിന്‍റെ അന്വേഷണം നടത്തിയത്. എന്നാൽ കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവനുസരിച്ച് 2010ൽ എൻ.ഐ.എ. അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പ്രതികൾക്ക് എൻ.ഐ.എ കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.