കോഴിക്കോട് : കൊയിലാണ്ടിയിൽ കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് സ്വദേശി അനൂപിൻ്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടി ഹാർബറിൻ്റെ തെക്ക് ഭാഗത്തായി ഉപ്പാലക്കണ്ടിയിലാണ് മൃതദേഹം തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്‌ച രാത്രി 10 മണിയോടുകൂടിയായിരുന്നു മത്സ്യതൊഴിലാളിയായിരുന്ന യുവാവിനെ കാണാതായത്. ഹാർബറിന് തെക്കുവശം ഏകദേശം 500 മീറ്റർ അകലെവച്ചാണ് യുവാവിനെ കാണാതായത്. കൊയിലാണ്ടി ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാത്രി നിർത്തിവച്ച തെരച്ചിൽ ഇന്ന് രാവിലെ ആരംഭിക്കാനിരിക്കെയാണ് തീരത്തടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്പെക്‌ടർ എൻവി ബിജുവിൻ്റെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എലത്തൂരിൽ നിന്ന് കോസ്റ്റൽ പൊലീസ് അധികൃതർ എത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു: കനത്ത മഴയെത്തുടര്‍ന്ന് വീടിന് സമീപമുണ്ടായ വെള്ളക്കെട്ടില്‍ വീണ് 73കാരൻ മരിച്ചു. കോട്ടയം അയ്‌മനം സ്വദേശി ഭാനു കറുമ്പനാണ് (73) മരിച്ചത്. ജൂലൈ ആറിനാണ് സംഭവം. കന്നുകാലിക്ക് തീറ്റ നൽകാനായി പോകുമ്പോൾ വീടിന് തൊട്ടടുത്ത്, അഞ്ചടിയിലധികം താഴ്‌ചയുള്ള വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
More read :Kottayam Rain | കാലവര്‍ഷ കെടുതിയില്‍ കോട്ടയം ജില്ല ; വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് 73കാരന് ദാരുണാന്ത്യം
വെള്ളക്കെട്ടിൽ വീണ് കണ്ണൂർ സ്വദേശി മരിച്ചു: കണ്ണൂരിൽ സിറ്റി നാലുവയലിലെ വെള്ളക്കെട്ടിൽ വീണ് 50കാരന്‍ മരിച്ചു. കണ്ണൂർ സ്വദേശി ബഷീർ (50) ആണ് വീടിന് മുന്നിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കണ്ണൂരിൽ പെയ്‌ത കനത്ത മഴയില്‍ 12 വീടുകള്‍ ഭാഗികമായി തകരുകയും മതിലിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന ഇരുവഴിഞ്ഞിപ്പുഴയിലും ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിരുന്നു. കൊടിയത്തൂർ സ്വദേശിയെയാണ് കാണാതായതെന്നാണ് സംശയം. ഫയർ ഫോഴ്‌സിൻ്റെ നേതൃത്വത്തിൽ പുഴയിൽ തെരച്ചിൽ തുടരുകയാണ്.
More read :Man Missing | കനത്ത മഴ ; ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി, ഫയർഫോഴ്‌സ് തെരച്ചിൽ തുടരുന്നു
കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ടു: കോട്ടയം പുതുപ്പള്ളിയിൽ കാർ ഒഴുക്കിൽപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. പുതുപ്പള്ളി കൊട്ടാരത്തിൽ കടവിൽ ജൂലൈ നാല് രാത്രിയിലായിരുന്നു സംഭവം. റോഡിന്‍റെ സമീപത്തെ തോട്ടിലേക്ക് കാർ മറിയുകയായിരുന്നു.
റോഡിൽ വെള്ളം കയറിക്കിടക്കുകയാണെന്നും ഒഴുക്ക് അധികമാണെന്നും നാട്ടുകാർ പറഞ്ഞിട്ടും കാറിലുള്ളവർ കൂട്ടാക്കിയിരുന്നില്ല. ഒഴുക്കിലേക്ക് ഇറങ്ങിയ കാർ പെട്ടെന്ന് നിന്ന് പോകുകയായിരുന്നു. ഞാലിയാകുഴി സ്വദേശിയും രണ്ട് കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്. അഗ്നിശമന സേന എത്തി കാർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ, ഫലമുണ്ടായില്ല. ഇതോടെ കാർ ഒഴുകിപ്പോകാതിരിക്കാനായി വടം ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു.
More read :ഒഴുക്കിൽപ്പെട്ട കാറിലുണ്ടായിരുന്നത് രണ്ട് കുട്ടികൾ, നാട്ടുകാരുടെ രക്ഷ പ്രവർത്തനം