കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് (Nipah Virus) സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ചെറുവണ്ണൂര്‍ സ്വദേശിയായ 39 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത് (New Nipah Case). നേരത്തെ നിപ ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആളാണ് ഇദ്ദേഹം. ഇതോടെ ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി (Nipah Active cases Kozhikode).
നേരത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തികള്‍ മറ്റ് ചികിത്സകള്‍ക്കായെത്തിയ സ്വകാര്യ ആശുപത്രിയില്‍ 39 കാരനും ചികിത്സ തേടിയിരുന്നു. പിന്നാലെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ഐസോലേഷനില്‍ കഴിയുകയായിരുന്നു. നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം.
നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 950 കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ പേരുകള്‍ മാത്രമാണ് അവസാനമായി പട്ടികയിലേക്ക് ചേര്‍ത്തത്. 213 പേരാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്. കൂടാതെ 287 ആരോഗ്യ പ്രവര്‍ത്തകരുടെ പേരും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവര്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നാണ് നിര്‍ദേശം.