കോഴിക്കോട്:മലബാറിലെ ഏറ്റവും വലിയ ആതുരാലയ കേന്ദ്രമായ സർക്കാർ മെഡിക്കൽ കോളജിൽ സർജിക്കൽ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുങ്ങി. പിഎംഎസ്എസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്കാണ് സജ്ജമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ ബ്ലോക്കില്‍ ആറ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഏഴ് നിലകളിലായി രോഗി സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആക്‌സിഡന്‍റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍, ആറ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 500 കിടക്കകള്‍, 19 ഓപറേഷന്‍ തിയേറ്ററുകള്‍, 10 തിവ്ര പരിചരണ യൂണിറ്റുകള്‍, ഐപിഡി, ഫാക്കല്‍റ്റി ഏരിയ, സിടി, എംആര്‍ഐ, ഡിജിറ്റല്‍ എക്‌സ്‌റേ, സിസി ടിവി സംവിധാനം, ഡാറ്റ സംവിധാനം, ലിഫ്റ്റുകള്‍, പിഎ സിസ്റ്റം എന്നീ സംവിധാനങ്ങള്‍ ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടാകും.
അത്യാധുനിക സംവിധാനം:കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍റ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി ആന്‍റ് റീനല്‍ ട്രാന്‍സ്പ്ലാന്‍റ് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ററോളജി എന്നിവയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 190 ഐസിയു കിടക്കകളില്‍ 20 കിടക്കകള്‍ മസ്‌തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ട്ടി ഓര്‍ഗര്‍ ട്രാന്‍സ്പ്ലാന്‍റേഷനും 20 കിടക്കകള്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്‍റേഷനും 20 കിടക്കകള്‍ തലയ്ക്ക് പരിക്കേറ്റവര്‍ക്കായുള്ള വിദഗ്‌ധ ചികിത്സയ്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.
സ്‌കാനിങ്ങിനായി പല സ്ഥലങ്ങളിൽ ഓടി നടക്കേണ്ട: അവയവ മാറ്റ ശസ്ത്രക്രിയയിൽ ഉൾപ്പെടെ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ കേന്ദ്രമായായി ആശുപത്രിയെ മാറ്റുകയാണ് ലക്ഷ്യം. രോഗികൾക്ക് നിന്ന് തിരിയാൻ ഇടമില്ലാത്ത നിലവിലെ അത്യാഹിത വിഭാഗം, മറ്റ് ശസ്‌ത്രക്രിയ വിഭാഗങ്ങൾ എല്ലാം ഇനി പഴങ്കഥയാകും. അപകടത്തിൽ പെടുന്നവർ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ എന്നിവര്‍ക്ക് ഒരു കുടക്കീഴിൽ മികവുറ്റ ചികിത്സ സംവിധാനം ലഭ്യമാകും.