കോഴിക്കോട്: ഗതാഗത കുരുക്കും കാലപ്പഴക്കത്താലുള്ള തകർച്ചയും ഒരു പോലെ ബാധിച്ച കോരപ്പുഴ പാലത്തിന് ഇനി പുതിയ മുഖം. മലബാറിന്‍റെ യാത്രാ ഏടുകളിലെ ചരിത്ര സാന്നിധ്യമായ കോരപ്പുഴ പാലം ബുധനാഴ്‌ച നാടിന് സമർപ്പിക്കും. വൈകിട്ട് അഞ്ചിന് മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനം നിർവഹിക്കും.
പ്രതിഷേധം ഫലം കണ്ടു ; മുഖം മിനുക്കി കോരപ്പുഴ പാലം കണ്ണൂർ–കോഴിക്കോട് ദേശീയപാതയിലെ ഈ പാലം ഇരുനാടിനെയും പരസ്‌പരം ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്. കാലപ്പഴക്കത്താല്‍ രണ്ടുവർഷംമുമ്പ് പൊളിച്ച പാലമാണ് അത്യാധുനിക മികവോടെ പുനർനിർമിച്ചത്. പാലം യാഥാർത്ഥ്യമായതോടെ വലിയ ആഹ്ളാദത്തിലാണ് നാട്ടുകാർ. പാലം തുറക്കുന്നതോടെ യാത്രാ ദുരിതത്തിന് അറുതി വരുമെന്ന് നാട്ടുകാർ പ്രതികരിച്ചു.
വിദേശ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലത്തിന്‍റെ നിർമാണം. ആർച്ചിന്‍റെ കോൺക്രീറ്റിന് മെക് അലോയ് ലോഹമാണ് ഉപയോഗിച്ചത്. പഴയ പാലത്തിന്‍റെ പ്രൗഢി ഒട്ടും ചോരാതെയാണ് പുനർനിർമാണം. വാഹന ഗതാഗതത്തെ ബാധിക്കാത്ത വിധത്തില്‍ ഒന്നരമീറ്റർ വീതിയിൽ റോഡിന്‍റെ ഇരുവശങ്ങളിലുമാണ് നടപ്പാത. കോരപ്പുഴ അങ്ങാടിയിൽനിന്ന് 150 മീറ്ററും, എലത്തൂർ ഭാഗത്തുനിന്ന് 180 മീറ്ററും നീളത്തിലുള്ള സർവീസ് റോഡ്, നടപ്പാത എന്നിവയുടെ നിർമാണം പൂർത്തിയായി. കരയിലും പുഴയിലുമായി എട്ട് തൂണുകളുണ്ട്. കിഫ്ബിയിൽനിന്നുള്ള 28 കോടി ചെലവിട്ട് നിർമിച്ച പാലത്തിന്‍റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്.
2018 ഡിസംബർ 18നാണ് കോരപ്പുഴ പാലം പൊളിച്ചുതുടങ്ങിയത്. 21 മാസത്തിനകം നിർമാണം പൂർത്തിയാക്കാനുള്ള തീരുമാനം വലിയ താമസമുണ്ടാകാതെ നടപ്പാക്കാനായി. 1937 മെയ് മാസത്തിൽ മലബാർ ഡിസ്ട്രിക്ട് പ്രസിഡന്‍റായി കേളപ്പജി ചുമതലയേറ്റശേഷം ഡിസ്ട്രിക്ട് ബോർഡാണ് കോരപ്പുഴ പാലം നിർമിക്കാൻ തീരുമാനിച്ചത്. 1938-ൽ പ്രവൃത്തി ആരംഭിച്ച് 1940-ലാണ് പഴയ പാലം പൂർത്തിയാക്കിയത്. പൊട്ടിപ്പൊളിഞ്ഞും അലൈൻമെൻ്റ് തെറ്റിയും ദുരിത പൂർണ്ണമായ പാലത്തിൽ അറ്റകുറ്റപണികൾക്കായി ലക്ഷങ്ങളാണ് ചെലവഴിച്ചത്. പ്രതിഷേധം അതിരുവിട്ടതോടെയാണ് സർക്കാർ പാലം പുനർനിർമിക്കാൻ തീരുമാനിച്ചത്.