കോഴിക്കോട് :കളൻതോട് കെ.എം.സി.ടി പോളിടെക്നിക് കോളജിൽ വിദ്യാര്‍ഥി പ്രതിഷേധം അക്രമാസക്തമായി. വിദ്യാര്‍ഥികള്‍ കോളജിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. പരീക്ഷ നടത്താത്തതിനെതിരെയുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. അധ്യാപകര്‍ നിസ്സഹകരണ സമരത്തിലായതിനാലാണ് പരീക്ഷ നിശ്ചയിച്ച മുറയ്ക്ക് നടക്കാതിരുന്നത്.
ആറ് മാസത്തിലധികമായി ഈ വിദ്യാലയത്തിൽ അധ്യാപകർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് അധ്യാപകർ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതിയും നൽകി. എന്നാൽ പരിഹാരമുണ്ടാവാത്ത സാഹചര്യത്തിൽ അധ്യാപകർ നിസ്സഹകരണ സമരമാരംഭിച്ചിരുന്നു.
കളൻതോട് കെ.എം.സി.ടി പോളിടെക്നിക്കിൽ വിദ്യാർഥി സംഘർഷം ഈ സാഹചര്യത്തിൽ ചൊവ്വാഴ്‌ച വിദ്യാർഥികൾ എത്തിയെങ്കിലും അധ്യാപകരുടെ സഹകരണമില്ലാതിരുന്നതോടെ പരീക്ഷ നടത്താനായില്ല. ഇതോടെ വിദ്യാർഥികൾ പ്രതിഷേധവുമായെത്തുകയായിരുന്നു. കൂടാതെ എസ്.എഫ്.ഐ പ്രവർത്തകരും സ്ഥലത്തെത്തി പ്രിൻസിപ്പലിനെ ഉപരോധിച്ചു.
ALSO READ: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം
എന്നാൽ എസ്.എഫ്.ഐ പ്രവർത്തകരുടെ കൊടി കോളജിലെ മറ്റ് വിദ്യാർഥികൾ അഴിച്ചുമാറ്റിയതോടെ ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളിയായി. മുക്കം പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷമൊഴിവാക്കിയത്. തുടർന്ന് കോളജ് പ്രിൻസിപ്പൽ, അധ്യാപക പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവരുമായി മുക്കം ഇൻസ്പെക്ടർ പ്രജീഷ് ചർച്ച നടത്തി.
രണ്ട് മാസത്തെ ശമ്പളമെങ്കിലും ഉടൻ വേണമെന്ന് അധ്യാപകർ പറഞ്ഞെങ്കിലും വ്യാഴാഴ്ച മുക്കം പോലീസ് സ്റ്റേഷനിൽ കൂടുതൽ ചർച്ചയാവാമെന്ന ധാരണയിൽ പിരിഞ്ഞു പോവുകയായിരുന്നു. അതിനിടെ വിദ്യാർഥികൾ തമ്മിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെ പൊലീസ് ലാത്തി വീശി.
സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ കോളജിൻ്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണിയോടെ പരീക്ഷ നടത്തിയതോടെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷം ഒഴിഞ്ഞത്.