കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. സ്വകാര്യ ബസില്‍ നാട്ടിലേക്ക് വരുമ്പോള്‍ മാണ്ഡ്യയില്‍ വച്ച് മഡിവാള പൊലീസാണ് കുട്ടിയെ കണ്ടെത്തിയത്. മറ്റ് നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.
അതേസമയം, പെൺകുട്ടികൾ രക്ഷപ്പെട്ടത് രണ്ട് യുവാക്കളുടെ സഹായത്തോടെയാണെന്ന് പൊലീസ് അറിയിച്ചു. ട്രെയിൻ മാർഗമാണ് പെൺകുട്ടികൾ ബെംഗളൂരുവിൽ എത്തിയത്. മടിവാളയിലെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പെൺകുട്ടിയെയും ഒപ്പം കസ്റ്റഡിയിലായ രണ്ട് യുവാക്കളെയും പൊലീസ് കോഴിക്കോടെത്തിക്കും.
ALSO READ:കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബെംഗളുരുവിൽ; ഒരാളെ പിടികൂടി
തെരച്ചിലിനായി കേരള പൊലീസിലെ കൂടുതൽ അംഗങ്ങളും ബെംഗളുരുവിലേക്ക് തിരിക്കും. തൃശൂര്‍, കൊല്ലം സ്വദേശികളാണ് കസ്റ്റഡിയിലായ യുവാക്കൾ. ഇവരെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.
ബുധനാഴ്ച വൈകുന്നേരമാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് 15 നും 17 നും ഇടയിൽ പ്രായമുള്ള ആറ് പെൺകുട്ടികളെ കാണാതായത്. ചിൽഡ്രൻസ് ഹോമിലെ അടുക്കള ഭാഗത്തെ മതിലില്‍ ഏണിവച്ച് കയറിയാണ് പെൺകുട്ടികള്‍ രക്ഷപെട്ടത്. ഇതിൽ രണ്ട് പേർ സഹോദരികളാണ്.
ഇവരെ കാണാതായി മൂന്ന് മണിക്കൂറിന് ശേഷമാണ് ചിൽഡ്രൻസ് ഹോം അധികൃതർ പൊലീസിനെ വിവരം അറിയിക്കുന്നത്. രാത്രി മുഴുവന്‍ പൊലീസ് നഗരത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മഡിവാളയിൽ ഹോട്ടലിൽ റൂം എടുക്കാനെത്തിയപ്പോൾ സംശയം തോന്നിയ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞുനിർത്തി, പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.