കോഴിക്കോട് : വ്യാജ സർട്ടിഫിക്കറ്റ് കേസിൽ വിദ്യയെ പിടികൂടിയതിന് പിന്നാലെ സിപിഎമ്മിനെതിരെ (CPM) ആരോപണം ശക്തമാക്കി കോൺഗ്രസ്. വിദ്യയെ ഒളിപ്പിച്ചത് മേപ്പയൂരിനടുത്ത് ആവളയിലെ സിപിഎം നേതാവിന്‍റെ വീട്ടിലെന്ന് കോൺഗ്രസ് ആരോപിച്ചു. ഒളിപ്പിച്ചവരെയും പിടികൂടാൻ പൊലീസ് തയ്യാറാകണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ ആവശ്യപ്പെട്ടു.
പ്രതി ഒളിവിൽ പോയത് പൊലീസിന്‍റെയും സിപിഎമ്മിന്‍റെയും ഒത്താശയോട് കൂടിയാണ്. വിദ്യയെ ഒളിപ്പിച്ചതിന് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഒളിപ്പിച്ച ആളെ മാത്രം പൊലീസ് പിടികൂടുന്നില്ല. ഇത് ആരെന്ന് പോലും വെളിപ്പെടുത്താൻ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യയെ ഒളിപ്പിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് കോൺഗ്രസ് മേപ്പയൂരിൽ പ്രകടനവും പൊതുയോഗവും നടത്തും. ഡിസിസി പ്രസിഡന്‍റിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സിപിഎം പൊലീസ് ഒത്തുകളി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് യൂത്ത് ലീഗും ബിജെപിയും പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
വിഷയത്തിൽ പ്രതികരണവുമായി കെ മുരളീധരൻ : വിദ്യയെ ഒളിവിൽ പാർപ്പിക്കാൻ ആരൊക്കെ സഹായിച്ചു എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കെ മുരളീധരനും ആവശ്യപ്പെട്ടു. സർവകലാശാലയെ വഞ്ചിച്ച് കൃത്രിമം കാണിച്ച കുറ്റവാളിയെ എന്തിനാണ് വിവിഐപിയെ പോലെ കൊണ്ടുപോകുന്നത് എന്നും വിദ്യയെ സംരക്ഷിക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നത് എന്നും കെ മുരളിധരൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നടക്കുന്നത് ഭ്രാന്തൻ ഭരണമാണ്. ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും രാഷ്‌ട്രീയ സംഘർഷത്തിന് കേരളം സാക്ഷ്യം വഹിക്കാൻ പോകുകയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതിനിടെ വിദ്യയെ ഒളിപ്പിച്ച സിപിഎം നേതാക്കളെ അറസ്റ്റു ചെയ്യുക എന്നാവശ്യപ്പെട്ട് കോൺഗ്രസ് മേപ്പയൂരിൽ പ്രകടനവും പൊതുയോഗവും നടത്തും. ഡിസിസി പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സിപിഎം പൊലീസ് ഒത്തുകളി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് യൂത്ത് ലീഗും ബിജെപിയും പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. എബിവിപി കമ്മീഷണർ ഓഫീസിലേക്കും മാർച്ച് നടത്തും.
അറസ്റ്റ് ഇന്ന് :മഹാരാജാസ് കോളജിന്‍റെ (Maharajas College) പേരിൽ വ്യാജ രേഖ ചമച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കെ വിദ്യയുടെ (K Vidya) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വിശദമായി ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ ഹാജരാക്കും. വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ആഴ്‌ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രിയാണ് കോഴിക്കോട് മേപ്പയൂരിൽ ആവളത്തെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് വിദ്യയെ പൊലീസ് പിടികൂടിയത്. കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 16 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിദ്യയെ അഗളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
കെ വിദ്യയുടെ വാദം: താന്‍ കുറ്റക്കാരിയല്ലെന്നും കേസിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നുമാണ് വിദ്യ ഉന്നയിക്കുന്ന വാദം. ജോലിയ്‌ക്കായി മറ്റ് കോളജുകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് (fake certificate) ഹാജരാക്കിയിട്ടില്ലെന്നും വിദ്യ പറയുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റും കേസും:കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയ വിദ്യാര്‍ഥിയാണ് കെ വിദ്യ. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജില്‍ താത്‌കാലിക മലയാളം അധ്യാപികയായി ജോലി ലഭിക്കാന്‍ എറണാകുളത്തെ മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി സമര്‍പ്പിച്ചുവെന്നതാണ് വിദ്യക്കെതിരെയുള്ള കേസ്. ജൂണ്‍ രണ്ടിനാണ് വിദ്യ അട്ടപ്പാടി കോളജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമർപ്പിച്ചത്. തുടർന്ന് സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ അട്ടപ്പാടി കോളജ് അധികൃതർ മഹാരാജാസ് കോളജുമായി ബന്ധപ്പെടുകയും സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്‌തു.
തുടർന്ന്, മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടർന്ന് ജൂണ്‍ ആറിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. എറണാകുളം പൊലീസ് എടുത്ത കേസ് പിന്നീട് അഗളി പൊലീസിന് കൈമാറുകയായിരുന്നു.
ALSO READ :Fake certificate case| കെ വിദ്യയുടെ അറസ്റ്റ് ഇന്ന്; കേസ് രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് വിദ്യ, ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും