കോഴിക്കോട്:ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്- കളൻതോട് റോഡ് വികസനം യാഥാർഥ്യമായപ്പോൾ ഇരുകൈയും നീട്ടിയായിരുന്നു നാട്ടുകാർ അതിനെ സ്വീകരിച്ചിരുന്നത്. എന്നാൽ റോഡ് പ്രവർത്തി ആരംഭിച്ചതോടെ തങ്ങളുടെ കുടിവെള്ളം മുട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.കൂളിമാട് -കളൻതോട് റോഡ് നവീകരിക്കുന്നതിന്‍റെ ഭാഗമായി റോഡരികിൽ ഓവുചാല്‍ നിർമിക്കുന്നതിന് കിള കീറിയതോടെയാണ് കുടിവെള്ളം ലഭിക്കുന്നത് തടസ്സപ്പെട്ടത്.
നിർമാണത്തിന്‍റെ ഭാഗമായി എൻസിപിസി കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈൻ എടുത്ത് ഒഴിവാക്കിയതാണ് കുടിവെള്ളം കിട്ടാതിരിക്കാൻ കാരണമായത്. കൂളിമാട് മുതൽ പരതപ്പൊയിൽ വരെയുള്ള 600 ലേറെ കുടുംബങ്ങൾക്കാണ് ഇപ്പോൾ കുടിവെള്ളത്തിനു വേണ്ടി മറ്റ് മാർഗ്ഗങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. താത്തൂർ, പടിഞ്ഞാറെത്തൊടി, ചെമ്പകോട്ടുമല, മാളികതടം, ഏരിമല എന്നിവിടങ്ങളിലാണ് ഏറെയും ദുരിതം നേരിടുന്നത്.