കേരളം

kerala

ETV Bharat / state

മൃതദേഹങ്ങളില്‍ വിഷാംശമില്ലെന്ന ഫലം : കൂടത്തായി കേസില്‍ വിദഗ്‌ധ പരിശോധനയ്‌ക്ക് വിദേശ സഹായം തേടും

കൂടത്തായി കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായ സാഹചര്യത്തിലാണ് മെച്ചപ്പെട്ട പരിശോധനയ്‌ക്ക് വിദേശ രാജ്യങ്ങളിലെ ലാബുകളെ ആശ്രയിക്കുന്നതിനെക്കുറിച്ച് പ്രോസിക്യൂഷന്‍ ആലോചിക്കുന്നത്

Koodathayi case  No cyanide presence spotted in four bodies  കൂടത്തായി കേസ്
കൂടത്തായി കേസ്

By

Published : Feb 5, 2023, 6:28 PM IST

Updated : Feb 5, 2023, 7:11 PM IST

കോഴിക്കോട്:സംസ്ഥാനത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസിൽ വന്‍ വഴിത്തിരിവുണ്ടായ സാഹചര്യത്തില്‍ പുതിയ നീക്കത്തിനൊരുങ്ങി പ്രോസിക്യൂഷന്‍. കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹ അവശിഷ്‌ടങ്ങളില്‍ സയനൈഡിന്‍റെയോ മറ്റ് വിഷാംശങ്ങളുടെയോ അംശമില്ലെന്ന ഫൊറൻസിക് പരിശോധനാഫലം ഇന്ന് പുറത്തുവന്നിരുന്നു. ഇതോടെ, വിദേശരാജ്യങ്ങളിലെ ലാബുകളില്‍ മൃതദേഹാവിശിഷ്‌ടങ്ങളുടെ പരിശോധന നടത്താനാണ് പ്രോസിക്യൂഷന്‍റെ ശ്രമം.

കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്‍റെ ആദ്യ ഭർത്താവിന്‍റെ പിതാവ് ടോം തോമസ്, ടോമിന്‍റെ ഭാര്യ അന്നമ്മ, ഇവരുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹ സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിലെ പരിശോധനയ്‌ക്ക് ശേഷം ലഭിച്ച ഫലം ഇന്ന് കോടതിയിൽ സമർപ്പിച്ചു.

അന്നമ്മ തോമസിനെ ആട്ടിന്‍സൂപ്പില്‍ 'ഡോഗ് കില്‍' എന്ന വിഷം കലര്‍ത്തി നല്‍കിയാണ് കൊന്നത്. മറ്റ് മൂന്നുപേരെ സയനൈഡ് നല്‍കിയും വധിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2002ലാണ് അന്നമ്മയെ കൊലപ്പെടുത്തിയത്. ഈ കേസിലെ ആദ്യ കൊലപാതകമാണ് ഇത്. മൃഗാശുപത്രിയില്‍ നിന്നാണ് വിഷം വാങ്ങിയത്. ഇതിന്‍റെ രേഖകളും തെളിവുകളും കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നു. മറ്റ് മൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്ന് ജോളി കുറ്റസമ്മതം നടത്തിയിരുന്നു.

പ്രശ്‌നം കാലപ്പഴക്കമെന്ന് നിഗമനം :മൃതദേഹാവശിഷ്‌ടങ്ങളുടെ കാലപ്പഴക്കമാവാം സയനൈഡിന്‍റെ അംശവും വിഷാംശവും കണ്ടുപിടിക്കാന്‍ കഴിയാതെ വന്നതെന്ന നിഗമനവും നിലവില്‍ പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച്, കൂടത്തായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. എസ്‌പി കെജി സൈമണിന്‍റെ പ്രസ്‌താവനയും പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര ഫൊറൻസിക് ലാബില്‍ നിന്നുള്ള പരിശോധനാഫലം കേസിനെ ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാനത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചപ്പോഴും നാല് മൃതദേഹങ്ങളിൽ നിന്ന് വിഷാംശം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചതാണെന്നും കൂടത്തായി കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.

കൊലപാതകം 14 വര്‍ഷത്തിനിടെ :2019ല്‍ മൃതദേഹാവശിഷ്‌ടങ്ങള്‍ പുറത്തെടുത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇവ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. കോഴിക്കോട് റീജിണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലാണ് ആദ്യം പരിശോധിച്ചത്. ശേഷം, ദേശീയ ഫൊറന്‍സിക് ലാബിലാണ് പരിശോധന നടത്തിയത്. 14 വര്‍ഷത്തിനിടെ കുടുംബത്തിലെ ആറുപേരെ ജോളി വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നതാണ് കൂടത്തായി കൊലപാതക പരമ്പര കേസ്.

സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ആറ് കൊലപാതകങ്ങളും ജോളി നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അന്നമ്മ, ടോം തോമസ്, റോയ് തോമസ്, എംഎം മാത്യു, ആല്‍ഫൈന്‍, സിലി എന്നിവരാണ് കൊല്ലപ്പെട്ട ആറുപേര്‍. റോയ് തോമസിന്‍റെ മരണം സംശയത്തിനിടയാക്കിയതോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെജി സൈമണിന്‍റെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ മൂന്ന് മാസം കേസിന്‍റെ പിറകെയുണ്ടായിരുന്നു. ഈ അന്വേഷണത്തിലാണ് ജോളിയിലേക്ക് എത്തിയത്. ജോളിയുടെ സുഹൃത്ത് എംഎസ് മാത്യുവാണ് കൂടത്തായി കേസിലെ രണ്ടാം പ്രതി. രണ്ടുപേരും ഇപ്പോള്‍ ജയിലിലാണ്.

Last Updated : Feb 5, 2023, 7:11 PM IST

ABOUT THE AUTHOR

...view details