കേരളം

kerala

ETV Bharat / state

കൂടത്തായി കൊലപാതക പരമ്പര: പ്രാരംഭവാദം ഇന്ന് തുടങ്ങും

മുഖ്യപ്രതിയായ ജോളിയെ കോടതിയില്‍ ഹാജരാക്കിയേക്കും. ജോളിക്കായി അഡ്വ. ബിഎ ആളൂര്‍ ഹാജരാകും

കോഴിക്കോട്  ജോളിയെ കോടതിയില്‍ ഹാജരാക്കും  koodathai murder case  ജോളി
കൂടത്തായി കൊലപാതക പരമ്പര: പ്രാരംഭവാദം ഇന്ന് തുടങ്ങും

By

Published : Aug 11, 2020, 10:40 AM IST

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പര ഇനി വാദ-പ്രതിവാദത്തിലേക്ക്. കുറ്റപത്രം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ വാദം ഇന്ന് തുടങ്ങും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. കൂട്ട കൊലപാതക കേസുകളിലെ റോയ് തോമസ്, സിലി വധക്കേസുകളാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ഇരു കേസുകളിലും മുഖ്യപ്രതിയായ ജോളിയെ കോടതിയില്‍ ഹാജരാക്കിയേക്കും. ജോളിക്കായി അഡ്വ. ബിഎ ആളൂര്‍ ഹാജരാകും. റോയ് തോമസ് വധക്കേസില്‍ ജോളിയടക്കം അഞ്ച് പ്രതികളാണുള്ളത്. ജോളിയുടെ സുഹൃത്ത് എം.എസ്. മാത്യു, സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാര്‍, പ്രാദേശിക സിപിഎം നേതാവ് കെ.മനോജ് കുമാര്‍, നോട്ടറി സി.വിജയകുമാര്‍ എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികള്‍.

കുടുംബ സ്വത്ത് കൈവശപ്പെടുത്താന്‍ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ജോളി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ജോളി ഉപയോഗിച്ച സയനൈഡ് നല്‍കിയത് എം.എസ് മാത്യുവാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ പ്രതിയായത്. മാത്യുവിന് സയനൈഡ് എത്തിച്ച് നൽകിയത് സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാറാണെന്ന് കണ്ടെത്തിയതോടെ ഇയാളും പ്രതിയായി. സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയാറാക്കാന്‍ കൂട്ടുനിന്നതാണ് മനോജിനെതിരെയുള്ള കുറ്റം. ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും ഇത് സാക്ഷ്യപ്പെടുത്തിയ കുറ്റമാണ് നോട്ടറി വിജയകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സിലി വധക്കേസില്‍ ജോളിയും മാത്യുവും പ്രജുകുമാറും മാത്രമാണ് പ്രതികള്‍. ഷാജുവിനെ സ്വന്തമാക്കുന്നതിനാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍കെ ഉണ്ണികൃഷ്ണൻ ഹാജരാകും.

ABOUT THE AUTHOR

...view details