കോഴിക്കോട്: 25 വർഷമായി പട്ടയമില്ലാതെ കോഴിക്കോട് നഗരത്തിലെ 19 കുടുംബങ്ങൾ. എംഎല്‍എയും കലക്‌ടറും കൗൺസിലറുമെല്ലാം ഉറപ്പ് നല്‍കിയിട്ടും കയറിക്കിടക്കാൻ ഒരു തുണ്ട് ഭൂമിയില്ലാതെ കഴിയുകയാണ് കോലാടുകുന്ന് കോളനിവാസികൾ. കോഴിക്കോട് നഗരത്തോടു ചേർന്ന് പൊറ്റമ്മൽ ജംഗ്ഷനിൽ നിന്ന് കുറച്ചകലെയായാണ് കോലാടുകുന്ന്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തതിനാൽ റേഷൻ കാർഡും മറ്റു തിരിച്ചറിയൽ രേഖകളുമില്ല. കൗൺസിലറുടെ സഹായത്തോടെ കഴിഞ്ഞ ദിവസമാണ് ഇവർക്ക് വൈദ്യുതിയും വെള്ളവും ലഭിച്ചത്. കാറ്റടിച്ചാൽ നിലംപൊത്തുന്ന വീടുകളാണ് അധികവും.
25 വർഷമായി പട്ടയമില്ലാതെ കോലാടുകുന്ന് കോളനിവാസികൾ - kozhikode
അടച്ചുറപ്പുള്ള വീടും പട്ടയവും വേണമെന്ന ആവശ്യവുമായി കോലാടുകുന്ന് കോളനിയിലെ കുടുംബങ്ങൾ
യു വി ജോസ് കലക്‌ടറായിരുന്നപ്പോൾ വിളിച്ച യോഗത്തില്‍ ലൈഫ് പദ്ധതിയില്‍ മുഴുവൻ ആളുകൾക്കും വീട് നല്‍കാമെന്ന ഉറപ്പ് നല്‍കിയിരുന്നു. കൗൺസിലർ കെ ടി സുഷാജിന്‍റെ നേതൃത്വത്തിൽ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി കോളനിയിൽ പൈപ്പ് വെള്ളം എത്തിച്ചു. എന്നാല്‍ ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വെള്ളം വരുന്നതെന്നാണ് കോളനി നിവാസി സബിത പറയുന്നത്. കോർപറേഷന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തി കോളനിയിലേക്കുള്ള വഴി പകുതി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കോൺക്രീറ്റ് ചെയ്യാത്ത ഭാഗത്ത് മണ്ണിടിഞ്ഞ് അപകടസ്ഥയിലാണെന്നും പ്രദേശവാസികൾ പറയുന്നു.