വടകരയിൽ യുഡിഎഫിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി കെ. മുരളീധരൻ എത്തിയതോടെയാണ് 1991 ൽ കേരളം ഏറെ ചർച്ച ചെയ്ത കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം അഥവാ കോലീബി സഖ്യം എന്ന ആരോപണം യുഡിഎഫിനു നേരെ സിപിഎം വീണ്ടും ഉന്നയിച്ചത്. കൊല്ലം, എറണാകുളം, കോഴിക്കോട്, വടകര, കണ്ണൂർ ലോക്സഭ മണ്ഡലങ്ങളിലും വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലും ദുർബല സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചത് യുഡിഎഫും ആർഎസ്എസും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ആരോപണം.
മുരളീധരൻ- ജയരാജൻ പോരാട്ടം: വടകരയിലേക്ക് ശ്രദ്ധ തിരിച്ച് കേരളം - തെരഞ്ഞെടുപ്പിൽ
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് - ബിജെപി സഖ്യം എന്ന സിപിഎം ആരോപണത്തിന് ചൂടേറുന്നു. എൽഡിഎഫിൻ്റെ പരാജയഭീതിയാണ് ഇതിലൂടെ പുറത്തു വന്നതെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്ന് ഉമ്മന്‍ചാണ്ടി. വർഷങ്ങൾക്കു മുൻപേ പഴകി തുരുമ്പിച്ച ആരോപണമെന്ന് കെ.മുരളീധരന്‍.
എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി രംഗത്തുവന്നു. കോടിയേരിയുടെ ആരോപണം പരാജയഭീതിയിൽ നിന്നുണ്ടായതാണ്. കൊലപാതക രാഷ്ട്രീയം ഉൾപ്പെടെ ഈ തെരഞ്ഞെടുപ്പിൽ കേരളം ചർച്ച ചെയ്യേണ്ട യഥാർത്ഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്‍റെ കെണിയിൽ യുഡിഎഫ് വീഴില്ലെന്നും ഉമ്മൻചാണ്ടി തിരിച്ചടിച്ചു.
കോലീബി ആരോപണം വർഷങ്ങൾക്ക് മുമ്പേപഴകി തുരുമ്പിച്ചതാണെന്നായിരുന്നുവടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ പ്രതികരണം.സംസ്ഥാന കോൺഗ്രസിലെ പ്രമുഖ നേതാവായ കെ. മുരളീധരൻ്റെ സ്ഥാനാർത്ഥിത്വത്തോടെ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറിക്കഴിഞ്ഞു. പി. ജയരാജൻ മത്സരിക്കുന്നതിനാൽ സിപിഎമ്മിന് വടകരയില്‍ അഭിമാന പോരാട്ടവുമാണ്. യുഡിഎഫ് - ബിജെപി സഖ്യമെന്ന ആരോപണവുമായി സിപിഎമ്മും സഖ്യം തള്ളി കോൺഗ്രസും രംഗത്ത് വന്നതോടെ വരും ദിവസങ്ങളിൽ വടകര പിടിക്കാനായിഇരുമുന്നണികളുടെയും വാഗ്വാദങ്ങൾക്ക് കുറവുണ്ടാകില്ല.