കേരളം

kerala

ETV Bharat / state

'ജോസഫൈന്‍റേത് ധാർഷ്ട്യവും നിർദ്ദയവുമാര്‍ന്ന ശബ്ദം' ; രൂക്ഷമായി പ്രതികരിച്ച് കെ.കെ രമ

പരാതിക്കാരിയോട് മോശമായി പ്രതികരിച്ച് എം.സി ജോസഫൈന്‍. വ്യാപക പ്രതിഷേധം.

KK Rama  എം സി ജോസഫൈൻ  വടകര എം.എല്‍.എ കെ കെ രമ  MC Josephine  KK REMA  സംസ്ഥാന വനിതാ കമ്മീഷന്‍  State Women's Commission  എം സി ജോസഫൈന്‍റെ വിവാദ പരാമർശം
വിവാദ പരാമർശം; ജോസഫൈൻ ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്ന് കെ.കെ രമ

By

Published : Jun 24, 2021, 5:10 PM IST

Updated : Jun 24, 2021, 5:31 PM IST

കോഴിക്കോട് :ഗാർഹിക പീഡന പരാതി പറയാനായി വിളിച്ച സ്ത്രീക്കെതിരെ സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ മോശമായി പെരുമാറിയതില്‍ രൂക്ഷവിമര്‍ശനവുമായി വടകര എം.എല്‍.എ കെ കെ രമ. ധാർഷ്ട്യവും നിർദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതൽ ജോസഫൈൻ സംസാരിക്കുന്നതെന്ന് കെ കെ രമ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

കെ കെ രമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

"ഭർത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ ?"

"ഉണ്ട് . "

" അമ്മായിയമ്മ ? "

"ഭർത്താവും അമ്മായിയമ്മയും ചേർന്നാണ്..."

"എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല"

"ഞാൻ... ആരെയും അറിയിച്ചില്ലായിരുന്നു. "

"ആ... എന്നാ അനുഭവിച്ചോ "

ഗാർഹിക പീഡനത്തിന്‍റെ ദുരനുഭവം വിവരിക്കുന്ന ഒരു സ്ത്രീയോട് കേരളത്തിലെ ബഹുമാനപ്പെട്ട വനിത കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞ മറുപടിയാണിത്.

സി.പി.എം നേതാവിനെതിരായ പീഡനാരോപണത്തിൽ പാർട്ടിക്ക് സമാന്തരമായി പൊലീസും കോടതിയുമുണ്ടെന്ന് മുമ്പൊരിക്കൽ പറഞ്ഞ നേതാവാണ് ജോസഫൈൻ.

ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്ട്യവും നിർദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതൽ ജോസഫൈൻ സംസാരിക്കുന്നത്. അതിനും പുറമേയാണ് താനിരിക്കുന്ന പദവിയുടെ അന്തസത്ത എന്ത് എന്ന് പോലുമറിയാത്ത ഇത്തരം തീർപ്പുകൾ. പൊലീസും കോടതിയുമടക്കമുള്ള നീതി നിർവ്വഹണ സംവിധാനങ്ങൾ ഇവിടെയുള്ളപ്പോൾ തന്നെയാണ് വനിതാകമ്മിഷൻ രൂപവത്കരിച്ചത്.

നിരന്തരമായ അവഹേളനങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയമാക്കപ്പെടുന്ന അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും സമൂഹങ്ങൾക്കും നീതി ലഭിക്കാൻ നമ്മുടെ നീതി നിർവഹണ സംവിധാനങ്ങൾക്ക് പരിമിതികൾ ഉണ്ടെന്ന ബോധ്യത്തിൽ നിന്നാണ് പട്ടികജാതി/ പട്ടികവർഗ കമ്മിഷനുകളും വനിതാകമ്മിഷനും മനുഷ്യാവകാശ കമ്മിഷനുമടക്കമുള്ള സംവിധാനങ്ങൾ നാം രൂപവത്കരിച്ചത്.

നിയമക്കുരുക്കുകളും നീതി നിർവ്വഹണത്തിലെ സാങ്കേതിക സമ്പ്രദായങ്ങളും കോടതി വ്യവഹാരങ്ങൾക്കാവശ്യമായ ഭാരിച്ച സാമ്പത്തിക ബാധ്യതയും ദുർബല ജനവിഭാഗങ്ങളിൽ ഭയവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുന്നുണ്ട്. കുടുംബത്തിൽ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകളിൽ , തങ്ങളനുഭവിക്കുന്നത് ഒരു അനീതിയാണെന്ന് പോലും തിരിച്ചറിയാനാവാത്തവരുണ്ട്.

അത്ര ശക്തമാണ് കുടുംബങ്ങൾക്കകത്തെ പുരുഷാധിപത്യ പൊതുബോധം. പരാതിപ്പെടാനും പൊരുതാനുമൊക്കെ ഒരു സാധാരണ സ്ത്രീക്ക് ആരെങ്കിലുമൊക്കെ ഒപ്പമുണ്ട് എന്ന ബോധ്യവും ആത്മവിശ്വാസവും പകർന്നു നൽകുക എന്നത് വനിത കമ്മിഷന്‍റെ ബാധ്യതയാണ്.

ഇതിന് വിരുദ്ധമായി ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസാരമായി "അനുഭവിച്ചോ" എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈൻ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല.

ശ്രീമതി എം.സി.ജോസഫൈനെ വനിത കമ്മിഷൻ അധ്യക്ഷ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു - കെ കെ രമ.

'എന്നാ അനുഭവിച്ചോ'..!

കഴിഞ്ഞ ദിവസം ഗാർഹിക പീഡന പരാതികൾ ബോധിപ്പിക്കാൻ ഒരു സ്വകാര്യ ചാനൽ നടത്തിയ തത്സമയ പരിപാടിയിൽ എം സി ജോസഫൈൻ നടത്തിയ പ്രതികരണമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഭർത്താവും അമ്മായി അമ്മയും ചേർന്ന് തന്നെ പീഡിപ്പിക്കുന്നു എന്ന് വിളിച്ച് പറഞ്ഞ യുവതിയോടാണ് ജോസഫൈൻ പദവിക്ക് നിരക്കാത്ത രീതിയിൽ സംസാരിച്ചത്.

ഭര്‍തൃപീഡനം സംബന്ധിച്ച പരാതി പൊലീസില്‍ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ യുവതിയോട് 'എന്നാ അനുഭവിച്ചോ' എന്ന മറുപടിയാണ് ജോസഫൈൻ നൽകിയത്. ഇതിനെതിരെയാണ് സമൂഹത്തിന്‍റെ പല കോണുകളിൽ നിന്നും എം സി ജോസഫൈനെതിരെ പ്രതിഷേധം ഉയർന്നത്.

മുൻപും നിരവധി തവണ വിവാദ പ്രസ്താവനകള്‍ നടത്തി വനിത കമ്മിഷൻ അധ്യക്ഷ വിവാദങ്ങൾ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സി.പി.എം നേതാവിനെതിരായ പീഡനാരോപണത്തിൽ പാർട്ടിക്ക് സമാന്തരമായി പൊലീസും കോടതിയുമുണ്ടെന്ന ജോസഫൈന്‍റെ പ്രതികരണവും അന്ന് ധാരാളം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

വിശദീകരണവുമായി അധ്യക്ഷ

അതേസമയം പരാതിക്കാരിയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തില്‍ വിശദീകരണവുമായി എം.സി. ജോസഫൈന്‍ രംഗത്തെത്തി. പരാതി പറയാൻ വിളിച്ച സ്ത്രീയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും പൊലീസിൽ പരാതി നൽകാനാണ് പറഞ്ഞതെന്നും ജോസഫൈൻ പറഞ്ഞു.

താനും ഒരു സാധാരണ സ്തീയാണ്. പൊലീസിൽ പരാതി കൊടുക്കാതിരുന്നത് ശരിയായില്ല എന്നാണ് പറഞ്ഞത്. തികഞ്ഞ ആത്മാർത്ഥതയോടെയാണ് അത് പറഞ്ഞതെന്നും പരാതി നല്‍കിയില്ലെങ്കില്‍ അനുഭവിച്ചോളൂ എന്ന് പറഞ്ഞിട്ടില്ലെന്നും വനിത കമ്മിഷന്‍ അദ്ധ്യക്ഷ വ്യക്തമാക്കി.

ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായിട്ടാണ് മുന്നോട്ടുപോകുന്നത്. അത്രയേറെ സ്ത്രീകളാണ് പരാതികളുമായി വിളിക്കുന്നത്.

ഒരു സ്ത്രീക്ക് അസഹ്യമായ അനുഭവം ഭര്‍ത്താവില്‍ നിന്നോ, ആരില്‍ നിന്നോ ഉണ്ടായാലും പെട്ടെന്ന് ഓടിയെത്താന്‍ വനിത കമ്മിഷന് കഴിയില്ലെന്നും അവർ പൊലീസിലാണ് പരാതി നൽകേണ്ടതെന്നും ജോസഫൈൻ പറഞ്ഞു.

യൂത്ത് കോൺഗ്രസുകാരല്ല, സർക്കാരാണ് തന്നെ വനിത കമ്മിഷൻ അദ്ധ്യക്ഷയായി നിയമിച്ചത്. പൊലീസില്‍ പരാതി നല്‍കിയാല്‍ അതിന് ഒരു ബലമുണ്ടാകും. എല്ലാ പരാതിക്കാരോടും പറയുന്ന കാര്യമാണിത്.

യഥാവിധിയല്ല പലരും കാര്യങ്ങള്‍ കേട്ടുമനസിലാക്കുന്നതും തിരിച്ചുപറയുന്നതും. അപ്പോള്‍ ചിലപ്പോള്‍ ഉറച്ചഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകുമെന്നും ജോസഫൈന്‍ കൂട്ടിച്ചേർത്തു.

Last Updated : Jun 24, 2021, 5:31 PM IST

ABOUT THE AUTHOR

...view details