കേരളം

kerala

ETV Bharat / state

Kerala Rain | മലബാറില്‍ പെരുമഴ തുടരുന്നു ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി - മഴ അവധി

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. രണ്ട് ജില്ലകളില്‍ ഭാഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്

Kerala Rain  Kerala Rain updations  Kerala Rain Latest News  malabar rain  മഴ  മഴ മുന്നറിയിപ്പ്  കേരളത്തിലെ മഴ  മഴ അവധി  അവധി
Rain

By

Published : Jul 7, 2023, 8:08 AM IST

Updated : Jul 7, 2023, 2:50 PM IST

കോഴിക്കോട് : കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് (07 ജൂലൈ) റെഡ് അലര്‍ട്ടും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഭാഗികമായാണ് അവധി. മലപ്പുറത്ത് പൊന്നാനി താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴയില്‍ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മാഹിയിലും ഇന്ന് അവധിയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എപിജെ അബ്‌ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലും പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.

സാധാരണയേക്കാള്‍ നാലിരട്ടി അധികം മഴയാണ് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് കേരളത്തില്‍ ലഭിച്ചതെന്നാണ് കണക്കുകള്‍. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കുറയുമെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ച മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് നിര്‍ദേശമുണ്ട്. തീരമേഖലയിലും ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

ജാഗ്രത പാലിക്കാൻ നിർദേശം :മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗുരുതരമായ ദുരന്ത സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജന്‍ സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചത്.

മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി തന്നെ പാലിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാതെ വരുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ എല്ലാ വിഭാഗങ്ങളും അനുസരിക്കേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാന വ്യാപകമായി ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. അതിതീവ്രമഴയുടെ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശക്തമായ മഴ കണക്കിലെടുത്ത് ഇക്കോ ടൂറിസം സെന്‍ററുകളായ പൊന്മുടി, കല്ലാര്‍, മീന്‍മുട്ടി, മങ്കയം എന്നിവിടങ്ങളിലും പ്രവേശനം അനുവദിക്കില്ല. ജില്ലയിലെ മലയോര മേഖലകളില്‍ രാവിലെ മുതല്‍ മഴ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍ : മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതോടെ കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ ഗ്യാപ് റോഡിലൂടെ ഉള്ള ഗതാഗതം തടസപ്പെട്ടു. ഗ്യാപ് റോഡിൽ നിന്നും ബൈസൺ വാലി പാതയിലേയ്ക്ക് തിരിയുന്ന റോഡിന് സമീപത്തായിട്ടാണ് സംഭവം.

മല മുകളിൽ നിന്നും വലിയ പാറകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. മുൻ വർഷങ്ങളിലും സമാനമായി ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ദേശീയ പാതയുടെ നവീകരണത്തിന് പിന്നാലെ മഴക്കാലത്ത് ഗ്യാപ് റോഡിലൂടെയുള്ള സഞ്ചാരം ദുഷ്‌കരമായിരിക്കുകയാണ്.

Last Updated : Jul 7, 2023, 2:50 PM IST

ABOUT THE AUTHOR

...view details