കേരളം

kerala

ETV Bharat / state

Kozhikode Rain | കോടഞ്ചേരിയിലും കപ്പക്കലിലും 26 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; 18 വീടുകൾ തകർന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 26 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കോഴിക്കോട് ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്‌ടം.

Kozhikode Rain  kerala rain kozhikode relief camps opened  kerala rain  kerala rain kozhikode relief camps
Kozhikode Rain

By

Published : Jul 6, 2023, 9:35 AM IST

Updated : Jul 6, 2023, 9:54 AM IST

കോഴിക്കോട്:കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍,കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ്‌ടി കോളനിയിലെ 26 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചെമ്പുകടവ് ഗവ. യുപി സ്‌കൂളില്‍ സജ്ജീകരിച്ച ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. പുറമെ, കപ്പക്കൽ ബീച്ചിന്‍റെ സമീപ പ്രദേശമായ മണ്ണാടത്തുപറമ്പ്, പണ്ടാരത്തുവളപ്പ് പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബത്തിലെ എട്ടുപേരെ തൊട്ടടുത്തുള്ള സ്‌കൂളിലേക്കും മാറ്റിയിട്ടുണ്ട്.

ജില്ലയിൽ വിവിധ വില്ലേജുകളിലായി 18 വീടുകൾ ഭാഗികമായി തകർന്നു. കടൽക്ഷോഭത്തെ തുടർന്ന് വടകര തീരദേശത്തെ വീടുകളിൽ വെള്ളം കയറി. ഇവിടെ നിന്നും ഏഴ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാണാതായ രണ്ട് പേർക്കായി ഇന്നും തെരച്ചിൽ തുടരും. ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ കാരക്കുറ്റി സ്വദേശി ഉസ്സൻകുട്ടി, ചോറോട് വൈക്കിലശേരി വിജീഷ് എന്നിവർക്കായാണ് തെരച്ചിൽ തുടരുന്നത്.

ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷം:സംസ്ഥാനത്ത് കാലവർഷം ശക്തമായതിന് പിന്നാലെ ജില്ലയില്‍ കടൽക്ഷോഭം രൂക്ഷമായിരിക്കുകയാണ്. വാക്കടവിലും കപ്പലങ്ങാടിയിലും കടുക്ക ബസാറിലുമുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നൂറ് കണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. നിലവില്‍, തീരദേശവാസികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിട്ടുണ്ട്. കടല്‍ ഭിത്തി തകര്‍ന്നയിടങ്ങളിലാണ് വലിയ നാശനഷ്‌ടങ്ങള്‍ ഉണ്ടായത്.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കാപ്പാട് ബീച്ചിലേക്കുള്ള റോഡ് പൂര്‍ണമായും തകർന്ന നിലയിലാണ്. കാപ്പാട് റിസോർട്ടിന് സമീപത്തെ റോഡ് കടലെടുത്തതോടെ ഗതാഗതം തടസപ്പെട്ട നിലയിലാണ്. നഗര പ്രദേശങ്ങളിലെ റോഡുകളിലെല്ലാം കഴിഞ്ഞ ദിവസം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്. മരങ്ങള്‍ വീണ് 20 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം.

തുറന്നത് 64 ദുരിതാശ്വാസ ക്യാമ്പുകള്‍:മഴ ശക്തമായ സാഹചര്യത്തില്‍ ദുരന്ത സാധ്യത മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലയില്‍ 64 ദുരിതാശ്വാസ ക്യാമ്പുകളാണ് കഴിഞ്ഞ ദിവസം തുറന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് സഹായം തേടുന്നതിനായി അഞ്ച് കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

നനഞ്ഞ റോഡിൽ ബ്രേക്ക് കിട്ടിയില്ല; കാരശേരിയില്‍ അപകടം:മഴയിൽ നനഞ്ഞ റോഡിൽ ബ്രേക്ക് കിട്ടാതെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് നോർത്ത് കാരശേരിയില്‍ അപകടം. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ പിക്അപ്പ് വാൻ നിയന്ത്രണം തെറ്റി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 6.16നാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ തിരുവമ്പാടി പുന്നക്കൽ സ്വദേശിയെ മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. അരീക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന പിക്അപ്പ് വാനാണ് മുക്കത്ത് നിന്ന് പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചത്.

താമരശേരിയിലും അപകടം:താമരശേരിക്കടുത്ത് വെഴുപ്പൂർ സ്‌കൂളിന് സമീപമാണ് ഇന്നലെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാടത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഓമശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ വയനാട് മുട്ടിൽ സ്വദേശി മുഹമ്മദ് നബീൽ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാൾ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Last Updated : Jul 6, 2023, 9:54 AM IST

ABOUT THE AUTHOR

...view details