കോഴിക്കോട് :കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിന്‍റേത് വന്‍ കെടുകാര്യസ്ഥതയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ.
കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ സംസ്ഥാന സർക്കാർ പങ്കുവഹിച്ചിട്ടില്ല. കേരളത്തിൽ ഏകദേശം 20,000 കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവില്‍, 1.08 ലക്ഷം കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ ഏകദേശം 50 ശതമാനവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്‍റേത് തെറ്റായ മാതൃകയാണെന്നും ജെ.പി നദ്ദ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന്‍റേത് കെടുകാര്യസ്ഥത, തെറ്റായ മാതൃക : ജെ.പി നദ്ദ ALSO READ:കേരളത്തിൽ രാഷ്ട്രീയ ടൂറിസം; രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തെ വിമർശിച്ച് ജെ.പി നദ്ദ
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ, ബി.ജെ.പി കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ. രാഹുൽ ഗാന്ധിയുടെ പൊളിറ്റിക്കൽ ടൂറിസമാണ് കേരളത്തിൽ നടക്കുന്നതെന്ന വിമര്‍ശനവും നദ്ദ ചടങ്ങില്‍ ഉന്നയിച്ചു.
അമേഠിയിൽ പരാജയപ്പെട്ടതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വന്നത്. സംസ്ഥാനങ്ങൾ മാറിയാലും ഒരാളുടെ പെരുമാറ്റത്തിലും ഉദ്ദേശങ്ങളിലും ആളുകളെ സേവിക്കാനുള്ള സമർപ്പണത്തിലും മാറ്റമുണ്ടാകില്ലെന്നും നദ്ദ പരിഹസിച്ചു.