കേരളം

kerala

ETV Bharat / state

'കേരള സ്റ്റോറി'ക്കിടെ വീണ്ടുമുയരുന്ന 'കക്കുകളി'; നാടക വിവാദം തള്ളുമോ കൊള്ളുമോ മലയാളനാട് - കേരള സ്റ്റോറിക്കിടെ വീണ്ടുമുയരുന്ന കക്കുകളി വിവാദം

കേരളത്തില്‍ നിന്നും വ്യാപകമായി മുസ്‌ലിം മതത്തിലേക്ക് പരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിക്കുന്നതാണ് 'ദ കേരള സ്റ്റോറി'. ഈ വിവാദങ്ങള്‍ക്കിടെയാണ് ക്രിസ്‌ത്യന്‍ സഭയ്‌ക്കകത്ത് നടക്കുന്ന അനീതി തുറന്നുകാട്ടുന്ന കക്കുകളി നാടകം വീണ്ടും വിവാദത്തില്‍ ഇടംപിടിച്ചത്

കേരള സ്റ്റോറി  കക്കുകളി  കക്കുകളി നാടകം വിവാദമായതിന് പിന്നിലെന്ത്  kakku kali drama controversy  kakkukali drama controversy again  kerala story criticism  ദ കേരള സ്റ്റോറി  നാടക വിവാദം തള്ളുമോ കൊള്ളുമോ മലയാളനാട്
കേരള സ്റ്റോറി

By

Published : May 2, 2023, 5:46 PM IST

Updated : May 2, 2023, 6:24 PM IST

കോഴിക്കോട്:കേരളത്തിൻ്റെ രാഷ്ട്രീയ ഭൂമികയിൽ വേരുറപ്പിക്കാൻ 'താമര നേതാക്കൾ' പലവിധ തന്ത്രങ്ങളുമായി ഇറങ്ങിയിട്ട് നാളേറെയായി. കേരളത്തിൻ്റെ മനസ് ഈഴവർക്കൊപ്പമാണെന്ന് ആദ്യം കരുതിയ ബിജെപി അന്ന് വെള്ളാപ്പള്ളിയേയും മകൻ തുഷാറിനേയും ഒപ്പം ചേർത്തു. എന്നാൽ, അത് ചീറ്റിപ്പോയി എന്നുമാത്രമല്ല വെള്ളാപ്പള്ളി തനി 'പിണറായി ഭക്തനിലേക്ക്' മാറി എന്നതും കഴിഞ്ഞ കഥ. എന്നാൽ, ഇപ്പോൾ ബിജെപി അടവുമാറ്റി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തോടും വല്ലാത്തൊരു സ്നേഹം കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് വന്നത്.

ALSO READ |പറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ 'ദ കേരള സ്റ്റോറി' നിരോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം; എംഎം ഹസന്‍

ക്രിസ്ത്യൻ വോട്ടും തങ്ങള്‍ക്ക് അന്യമല്ല എന്നത് ത്രിപുര, മേഘാലയ, നാഗാലാൻഡ് തെരഞ്ഞെടുപ്പ് ഫലം കാണിച്ചുകൊടുത്തു. അതോടെ, ദുഃഖവെള്ളിയും ഈസ്റ്ററും ക്രിസ്ത്യൻ സമുദായത്തോടൊപ്പം ബിജെപി നേതാക്കൾ ആഘോഷിച്ചു. മുസ്‌ലിം വോട്ടായാലും കുഴപ്പമില്ല താമര വിരിഞ്ഞാൽ മതിയെന്ന നിലപാടിലേക്ക് കേരള നേതാക്കൾ ചിന്തിച്ചു. ചെറിയ പെരുന്നാളിന് പക്ഷേ വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നില്ല.

ബിജെപിയുടെ ന്യൂനപക്ഷ സ്നേഹത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കാനുള്ള തന്ത്രങ്ങൾ സിപിഎമ്മും തുടങ്ങിയതിനിടെയാണ് രണ്ട് വിവാദങ്ങൾക്ക് കേരളം വേദിയായത്. രണ്ട് വിവാദങ്ങളും ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നതാണ് ഏറെ പ്രസക്തം. അതിലൊന്ന് ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ തർക്ക വിഷയമായ കക്കുകളി നാടകം. അടുത്തത് മുസ്‌ലിം വിഭാഗങ്ങളെ ചൊടിപ്പിച്ച 'ദ കേരള സ്റ്റോറി' സിനിമയും.

എന്താണ് 'കക്കുകളി' നാടകം..?:ആലപ്പുഴയിലെ നെയ്‌തല്‍ എന്ന നാടകസംഘം അവതരിപ്പിച്ചുപോരുന്ന മലയാള നാടകമാണ് 'കക്കുകളി'. ആലപ്പുഴ കുടുംബ കോടതിയിലെ സീനിയർ ക്ലർക്കായ ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് കക്കുകളി. കെസിബിസി തന്നെ പുരസ്‌കാരം നല്‍കിയിട്ടുള്ള കഥ. നാടകമായതോടെ സംഗീതനാടക അക്കാദമിയുടെ രാജ്യാന്തര നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ടു.

ജില്ലകളിലൂടെ അവതരിപ്പിച്ച് പോരുന്നതിനിടെ ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിൽ അവതരിപ്പിച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളാക്കുന്നതാണ് 'കക്കുകളി' എന്നും നാടകത്തിൻ്റെ പ്രദർശനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ക്രൈസ്‌തവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കമ്മ്യൂണിസ്റ്റുകാരനായ കറമ്പന്‍റെ മകൾ നതാലിയയാണ് നാടകത്തിലെ കേന്ദ്രകഥാപാത്രം. പിതാവ് മരിച്ചതോടെ കുടുംബം പട്ടിണിയിലായപ്പോൾ അമ്മ പെൺകുട്ടിയെ മഠത്തിലേക്ക് അയക്കുന്നു.

നതാലിയ മേയ്‌ഫ്ലവർ കുരിശിങ്കൽ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. നിസാര കാര്യങ്ങൾക്കും കർശന ശിക്ഷ അനുഭവിച്ച അവൾക്ക് നേരെ രാത്രിയിൽ ആരുടെയോ കൈകൾ നീണ്ടുവരുന്നു. പിന്നാലെ മഠത്തിൽ നടക്കുന്നത് ആരും കേൾക്കരുതെന്നും കാണരുതെന്നും താക്കീത് വരുന്നു. പ്രതികരിക്കുമ്പോൾ, വീണ്ടും പീഡിപ്പിക്കപ്പെടുന്നു. ഒടുവിൽ മഠത്തിൽ നിന്ന് മകളെ തിരികെ കൊണ്ടുവരുന്നതാണ് പ്രമേയം.

നാടകം സാംസ്‌കാരിക കേരളത്തിന്‌ അപമാനമെന്ന് കാണിച്ച് കെസിബിസി രംഗത്തെത്തി. ചരിത്രത്തെ അപമാനിക്കുന്ന സൃഷ്‌ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി. നാടകത്തിനെതിരെ തൃശൂർ അതിരൂപത ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വിവാദം പടർന്നുപന്തലിച്ചതോടെ എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ കുടുംബകോടതിയിലെ ജോലിയിൽനിന്ന് സ്വയം വിരമിച്ചു.

വിവാദമുണ്ടാക്കുന്നവരോട്, ആദ്യം ഈ നാടകം കാണൂ എന്നിട്ട് വിമർശിക്കൂ എന്നാണ് സംവിധായകൻ ജോബ് മഠത്തിൽ ആവശ്യപ്പെടുന്നത്. നാടകം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളുണ്ട്, അതെല്ലാം ആരോഗ്യകരമാണ്. ഇതില്‍ പറയുന്ന പ്രശ്‌നങ്ങളൊന്നും സഭയ്ക്കുള്ളില്‍ നടക്കാത്തതല്ലല്ലോ?. ഈ നാടകത്തില്‍ ക്രിസ്‌തീയതയെയോ, ക്രിസ്‌തുവിനെയോ, ബൈബിളിനെയോ ഒന്നിനെയും വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്‌തിട്ടില്ല. പറഞ്ഞിട്ടുള്ളത്, സഭയ്ക്ക് അകത്തുള്ള ചില മോശം പ്രവണതകളെക്കുറിച്ചാണ്, അതും തികച്ചും ആരോഗ്യപരമായ വിമര്‍ശനമാണ്, സംവിധായകൻ പ്രതികരിച്ചിരുന്നു.

തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയില്‍ സിപിഎം:നാടകം കോട്ടയത്ത് കളിച്ചപ്പോൾ മന്ത്രി വിഎൻ വാസവൻ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചിരുന്നു. ജില്ലകളിൽ നിന്നും ജില്ലകളിലൂടെ നാടകം മുന്നേറുമ്പോൾ സിപിഎമ്മിന് ഇപ്പോൾ പഴയ ഉഷാറില്ല. കോഴിക്കോട് അവതരിപ്പിച്ചപ്പോൾ ഇത്തരം രീതികളെ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് സിപിഎം എത്തി. സഭയെ ഇപ്പോൾ ചൊടിപ്പിച്ചാൽ അത് ബിജെപിക്ക് വേരോട്ടമുണ്ടാക്കാൻ എളുപ്പമാകും എന്ന ചിന്ത സിപിഎമ്മിനുണ്ട്.

കക്കുകളിക്ക് അനുമതി നൽകിയതിലൂടെ സർക്കാറിന് ഇരട്ടത്താപ്പാണെന്ന് ബിജെപി ഇതിനകം പ്രതികരിച്ചുകഴിഞ്ഞു. അത് തങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള പ്രസ്‌താവനയാണെന്ന് ഇടതുനേതാക്കൾക്കും വ്യക്തമായി അറിയാം. തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിൽ കക്കുകളി തുടരുമ്പോൾ ഇതുമായി ബന്ധപ്പെട്ട അന്തർനാടകങ്ങൾ എവിടെച്ചെന്ന് അവസാനിക്കും എന്ന് കണ്ടറിയണം.

മറ്റൊരു വിവാദം കേരള സ്റ്റോറിയുമായി ബന്ധപ്പെട്ടതാണ്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ മുസ്‌ലിം സംഘടനകൾ വാളെടുത്തു. സിനിമയെ പ്രോത്സാഹിപ്പിക്കുന്നത് സംഘപരിവാരങ്ങൾ ആണെന്നിരിക്കെ മറ്റെല്ലാവരും മുസ്‌ലിങ്ങൾക്ക് അനുകൂലമായ നിലപാടിലാണ്.

എന്താണ് 'ദ കേരള സ്റ്റോറി'..?: വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച് സുദീപ്തോ സെൻ സംവിധാനം ചെയ്‌ത പുറത്തിറങ്ങാനിരിക്കുന്ന ഹിന്ദി ഭാഷ ചലച്ചിത്രം. കേരളത്തിൽ നിന്നുള്ള 32,000 സ്ത്രീകൾ ഇസ്‌ലാം മതം സ്വീകരിച്ച് തീവ്ര ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയില്‍ (ഐഎസ്‌ഐഎസ്) ചേർന്ന കഥയാണ് സിനിമ പറയുന്നത്. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ എന്ന അടിക്കുറിപ്പാണ് അണിയറ പ്രവർത്തകർ ഇതിന് നൽകിയിട്ടുള്ളത്.

32,000 അല്ല അതിലധികം ഉണ്ടാകും മതം മാറി കേരളത്തിൽ നിന്നും ഐഎസിൽ പോയവരുടെ എണ്ണമെന്നാണ് സംവിധായകൻ സുദീപ്തോ അവകാശപ്പെടുന്നത്. അങ്ങനെയുള്ള ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമ ഉണ്ടാക്കിയത് പോലും. പെൺകുട്ടികളെ മതം മാറ്റി ഐഎസിലേക്ക് കൊണ്ടു പോവുന്ന വടക്കൻ കേരളത്തിന്‍റെ കാര്യത്തിലെ ആശങ്കയിൽ നിന്നാണ് സിനിമ പിറവിയെടുത്തത്.

അതേസമയം പുറത്തുവരുന്ന സ്ഥിതിവിവര കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്‌താണ് യൂത്ത് ലീഗ് അടക്കം രംഗത്ത് വന്നിരിക്കുന്നത്. കേരളത്തെ അപകീർത്തിപ്പെടുത്തുകയും 'ലവ് ജിഹാദ്' എന്ന ഹിന്ദുത്വ ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്ന സംഘപരിവാറിന്‍റെ അജണ്ടയാണ് സിനിമ പ്രവർത്തകർ പ്രചരിപ്പിക്കുന്നതെന്നാണ് ഇടത് - വലത് പാർട്ടികളുടെ അഭിപ്രായം. മുഖ്യമന്ത്രിയായിരിക്കുമ്പോൾ വിഎസ് അച്യുതാനന്ദൻ പറഞ്ഞ കാര്യങ്ങൾ സിനിമയുടെ ടീസറിലും ട്രെയിലറിലും ഇടംപിടിച്ചതും വലിയ ചർച്ചയാണ്.

വിഎസിന്‍റെ ആരോപണം തള്ളാതെ സിപിഎം:'20 കൊല്ലം കഴിയുമ്പോൾ കേരളം ഒരു മുസ്‌ലിം രാജ്യമാകും. ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ള ആളുകളെ എല്ലാം സ്വാധീനിച്ചിട്ട് പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുക. ആ തരത്തിൽ മറ്റു സമുദായങ്ങളിൽ നിന്നെല്ലാം വ്യത്യസ്‌തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാകുക എന്നുള്ള ഉദ്ദേശത്തോടുകൂടിയുള്ള നീക്കമാണ് ഇവർ നടത്തുന്നത്' - ഇങ്ങനെയായിരുന്നു വിഎസിന്‍റെ വാക്കുകള്‍.

2010 ഒക്ടോബർ 24ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിഎസ് അച്യുതാനന്ദൻ ഒരു സമുദായത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ഈ ആരോപണം ഉന്നയിച്ചത്. വിഎസിന്‍റെ ആരോപണത്തെ സിപിഎം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകൾ വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സിനിമയിൽ നിന്ന് ഈ ഭാഗം ഒഴിവാക്കിയേക്കും.

കടക്ക് പുറത്തെന്ന് പറയണം:എന്ത് ഒഴിവാക്കിയാലും കൂട്ടിച്ചേർത്താലും ലക്ഷ്യങ്ങൾ വളരെ വ്യക്തമാണ്. ന്യൂനപക്ഷ വോട്ട് ലക്ഷ്യംവച്ചുള്ള ബിജെപി സ്നേഹം. അത് നിലനിർത്തി കൊണ്ടുപോവാൻ പാടുപെടുന്ന സിപിഎം. ഇവരുടെ 'തള്ളിനിടയിൽ' വീണുകിട്ടുന്നത് വിദ്യയാക്കാൻ കോൺഗ്രസ് നടത്തുന്ന ചില പ്രസ്‌താവനകൾ. വിവാദങ്ങൾ പലത് കൊടികുത്തിവാണാലും പൊതുജനം കൈക്കെള്ളുന്ന ഒരു പൊതുനിലപാടുണ്ട്. അതിനപ്പുറം ഒന്നും കത്തില്ല എന്നിടത്താണ് കേരളത്തിൻ്റെ മനസ്. അത് വ്രണപ്പെടുത്തിയേ അടങ്ങൂവെന്ന് ശാഠ്യം പിടിക്കുന്നവരോട് കടക്ക് പുറത്ത് എന്ന് ഉറക്കെ പറയണം.

Last Updated : May 2, 2023, 6:24 PM IST

ABOUT THE AUTHOR

...view details