കോഴിക്കോട് : എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ കെ വിദ്യക്കും എസ്എഫ്ഐക്കുമെതിരെ കൂടുതൽ ആരോപണങ്ങളുമായി കെഎസ്‌യു. കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയത് എസ്എഫ്ഐ ഭാരവാഹിയായിരിക്കെയാണെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി ആത്മബന്ധമുള്ള വിദ്യ 2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്‌കൃത സർവകലാശാല സെന്‍ററിൽ എം.ഫിൽ (M.Phil) ചെയ്‌തിട്ടുണ്ടായിരുന്നു.
അതേ കാലയളവിൽ തന്നെ 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളജിൽ മലയാളം ഡിപ്പാർട്ട്മെന്‍റ് ഗസ്റ്റ് ലക്‌ചററായി വിദ്യ ജോലി ചെയ്തെന്നും ഷമ്മാസ് പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാർഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപികയായും വിദ്യ പ്രവർത്തിച്ചു. യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫെലോഷിപ്പും കോളജിൽ നിന്ന് ശമ്പളവും ഒരേ സമയം കൈപ്പറ്റിയെന്നും ഷമ്മാസ് ചൂണ്ടിക്കാട്ടി.
സിപിഎം നേതാക്കളും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയും ആവർത്തിച്ച് പറയുന്നതും വെല്ലുവിളിക്കുന്നതും ന്യായീകരിച്ചതുമായ കാര്യം വിദ്യ എസ്എഫ്ഐക്കാരി ആയിരിക്കുമ്പോൾ അല്ലല്ലോ ഇത്തരം തട്ടിപ്പുകൾ ഒന്നും കാണിച്ചത് എന്നാണ്. എന്നാൽ, ആ വാദം പൊളിഞ്ഞെന്നും ഷമ്മാസ് പറഞ്ഞു. എസ്എഫ്ഐയുടെ യുയുസി ആയതുകൊണ്ട് തന്നെ 2019 നവംബർ 25ന് സംസ്ഥാന സംസ്‌കൃത സർവകലാശാല യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് വരെ അധ്യാപികയായി വിദ്യ തുടർന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന 2019-20 കാലഘട്ടത്തിൽ തന്നെയാണ് പിൻവാതിൽ വഴി പിഎച്ച്ഡി പ്രവേശനം വിദ്യ നേടിയതെന്നും ഷമ്മാസ് പറഞ്ഞു.