കോഴിക്കോട്: പലസ്‌തീൻ വിഷയത്തിൽ ശശി തരൂർ പ്രസംഗിച്ചത് കോൺഗ്രസ് നിലപാടല്ലെന്ന് കെ മുരളീധരൻ. ഉപാധികളില്ലാത്ത പിന്തുണയാണ് പലസ്‌തീന് കോൺഗ്രസ് നൽകുന്നത്. ഹമാസ് നടത്തുന്നത് ഭീകരപ്രവർത്തനമല്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ശശി തരൂരിൻ്റെ പൊതുവായ പ്രസംഗം പലസ്‌തീന് അനുകൂലമാണ്. എന്നാൽ ഒരു വാചകം പാർട്ടി നിലപാടല്ല. ആ വാചകത്തിന്‍റെ പേരിൽ തരൂരിനെ ക്രൂശിക്കുന്നത് ശരിയല്ല. ഇസ്രായേൽ വിരുദ്ധ നിലപാടുള്ളയാളാണ് തരൂർ. ബിജെപിക്ക് എതിരായും നിലപാട് സ്വീകരിക്കുന്നയാളാണ് അദ്ദേഹം.
ഹമാസിൻ്റേത് ഭീകര പ്രവർത്തനമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കളെ പാർട്ടി തിരുത്തിയിരുന്നു. ബിജെപിയുടെ തരൂർ സ്നേഹത്തിന് ചില ലക്ഷ്യങ്ങൾ ഉണ്ട്. വിവാദങ്ങൾ തിരുവനന്തപുരത്ത് ബിജെപിയ്‌ക്ക് ഗുണം ചെയ്യും.. ഇക്കാര്യം തരൂർ ശ്രദ്ധിക്കുമെന്ന് കരുതുന്നതായും മുരളീധരൻ വ്യക്തമാക്കി.