കോഴിക്കോട്:എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ സെക്യുലർ (JDS) ദേശീയ തലത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് കേരള ഘടകം. കൂറുമാറ്റ നിരോധ നിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജെഡിഎസിന് പുതിയ പാർട്ടി രൂപീകരിക്കാൻ കഴിയില്ലെന്നിരിക്കെ ആർക്കൊപ്പം ലയിക്കുമെന്നതിൽ പല അഭിപ്രായങ്ങളാണ്.
കേരളത്തിലെ ജെഡിഎസ് എൻഡിഎയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു.ടി.തോമസും മന്ത്രി കൃഷ്‌ണൻകുട്ടിയും വ്യക്തമാക്കിയതാണ്. അതിൽ ഒരു മാറ്റവുമില്ലെന്ന് ഇപ്പോഴും അവർ പറയുന്നു. ലാലു പ്രസാദ് യാദവിൻ്റെ ആർജെഡിയിൽ ലയിക്കണമെന്നാണ് മന്ത്രി കൃഷ്‌ണൻകുട്ടിയുടെ താൽപര്യം. എന്നാൽ കേരളത്തിലെ മറ്റൊരു ജനത പാർട്ടിയായ എൽജെഡി ആർ.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തിൽ അത്തരമൊരു നീക്കം വേണ്ടെന്നാണ് പൊതു വിലയിരുത്തൽ.
എൻഡിഎയിൽ പോയി തിരിച്ചെത്തി നിതീഷ് കുമാറിൻ്റെ പാർട്ടിയുമായി ലയിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിൻ്റെ അഭിപ്രായം. എന്നാൽ കൃത്യമായ ഒരു നിലപാടില്ലാത്ത നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് ഭൂരിപക്ഷ നിലപാട്. അഖിലേഷ് യാദവിന്‍റെ എസ്.പിയോടൊപ്പം പോകാനാണ് നിലവിൽ ജെ.ഡി.എസ് കേരള ഘടകം ആലോചിക്കുന്നത്. പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും.
ഒരു പ്രത്യേക ആശയം മുൻനിർത്തി ജയപ്രകാശ് നാരായണനാണ് ഇന്ത്യയിൽ ജനത പ്രസ്ഥാനം കെട്ടിപ്പടുത്തത്. ആശയ ഐക്യത്തിന് ബലം നൽകി ജനമോർച്ച, ജനത പാർട്ടി, ലോക്‌ദൾ, കോൺഗ്രസ് (എസ്) എന്നീ പാർട്ടികൾ ലയിച്ചാണ് പിന്നീട് ജനതാദൾ രൂപംകൊണ്ടത്. ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെ അലങ്കരിച്ച പാർട്ടി ക്രമേണ വിവിധ ചെറിയ വിഭാഗങ്ങളായി വിഘടിച്ച ജനതാദൾ പ്രാദേശിക പാർട്ടികളായി. ബിജു ജനതാദൾ, രാഷ്ട്രീയ ജനതാദൾ, ജനതാദൾ (മതേതര), ജനതാദൾ (യുണൈറ്റഡ്) എന്നിങ്ങനെ.