കേരളം

kerala

ETV Bharat / state

ബര്‍ഗര്‍ ലോഞ്ചിന്‍റെ മറവില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയായ മുഖ്യപ്രതി അറസ്റ്റില്‍

കോഴിക്കോട് പയ്യാനാക്കല്‍ സ്വദേശി എം എച്ച് ഷുഹൈബ് ആണ് അറസ്റ്റിലായത്. ബര്‍ഗര്‍ ലോഞ്ച് ആരംഭിക്കാനെന്ന വ്യവസ്ഥയില്‍ ഇയാള്‍ മംഗലാപുരം സ്വദേശിയായ അബ്‌ദുല്‍ വാഹിദിന്‍റെ പക്കല്‍ നിന്ന് 70 ലക്ഷം രൂപ വാങ്ങുകയായിരുന്നു

investment fraud  burger launch  investment fraud under the guise of burger launch  കോടികളുടെ നിക്ഷേപ തട്ടിപ്പ്  നിക്ഷേപ തട്ടിപ്പ്  കോഴിക്കോട് പയ്യാനാക്കല്‍  എം എച്ച് ഷുഹൈബ്  ബർഗർ ലോഞ്ച് ഹോട്ടൽ  ബർഗർ ലോഞ്ച്
ബര്‍ഗര്‍ ലോഞ്ചിന്‍റെ മറവില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്

By

Published : May 19, 2023, 1:42 PM IST

കോഴിക്കോട്: ബർഗർ ലോഞ്ചിന്‍റെ മറവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. റിജിഡ് ഫുഡ്‌സ് മാനേജിങ് പാർട്‌ണർ പയ്യാനക്കൽ മതിലകം വീട്ടിൽ എം എച്ച് ഷുഹൈബ്(42) ആണ് അറസ്റ്റിലായത്. മംഗലാപുരം സ്വദേശി ടി എം അബ്‌ദുല്‍ വാഹിദിന്‍റെ പരാതിയിൽ മംഗലാപുരം കോടതി പുറപ്പെടുപ്പിച്ച വാറന്‍റിലാണ് പ്രതിയെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഒരു വർഷം മുൻപാണ് അബ്‌ദുല്‍ വാഹിദിൽ നിന്ന് ബർഗർ ലോഞ്ച് ഹോട്ടൽ തുടങ്ങാമെന്ന വ്യവസ്ഥയിൽ 70 ലക്ഷം വാങ്ങിയത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ ഇല്ലാത്തതിനാൽ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. പൊലീസിൽ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല.

തുടർന്ന് അബ്‌ദുൽ വാഹിദ് മംഗലാപുരം കോടതിയെ സമീപിക്കുകയായിരുന്നു. സമാനമായ രീതിയിൽ മാത്തോട്ടം സ്വദേശി സാലി, അഫ്രിൽ ഉൾപ്പെടെ ഏഴ് പേരിൽ നിന്നും മൊത്തം നാല് കോടിയോളം രൂപ ഷുഹൈബ് നിക്ഷേപമായി വാങ്ങിയെന്ന പരാതിയും നിലവിലുണ്ട്. ഷുഹൈബിനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

ജിയോളജിസ്റ്റ് എന്ന വ്യാജേന തട്ടിപ്പ്:കൊല്ലത്ത് ജിയോളജിസ്റ്റ് എന്ന വ്യാജേന അഞ്ച് ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. നെയ്യാറ്റിന്‍കര ആനാവൂര്‍ സ്വദേശി രാഹുല്‍ പിആര്‍ (31), കോഴിക്കോട് ചേലാവൂര്‍ സ്വദേശി നീതു എസ് പോള്‍ (34) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റി സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

മറ്റൊരാളുടെ വിലാസം ഉപയോഗിച്ച് സംഘടിപ്പിച്ച സിം കാർഡും കൊല്ലം ജില്ല ജിയോളജിസ്റ്റിന്‍റെ ചിത്രവും വച്ച് വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ടിലൂടെ പരാതിക്കാരനായ ക്രഷര്‍ ഉടമയെ ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. പിന്നാലെ വാട്‌സ്‌ആപ്പ് വഴി സംസാരിച്ച് ക്വാറി ലൈസൻസ് പുതുക്കി നൽകാമെന്ന് വാഗ്‌ദാനം നൽകി. ശേഷം, പണം വാങ്ങാന്‍ രണ്ടാം പ്രതി നീതുവിനെ ഒന്നാം പ്രതി രാഹുല്‍ ഒരു ടാക്‌സിയിൽ കൊട്ടിയത്ത് എത്തിച്ചു. ഇവര്‍ പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു.

പണം കൈപ്പറ്റിയതിന് പിന്നാലെ ഫോൺ നമ്പരും വാട്‌സ്‌ആപ്പ് അക്കൗണ്ടും പ്രവർത്തനരഹിതമായി. തുടർന്ന് പരാതിക്കാരന്‍ യഥാർഥ ജിയോളജിസ്‌റ്റിന്‍റെ നമ്പറിൽ വിളിച്ച് ലൈസൻസ് പുതുക്കി നൽകുന്നതിനായി പണം കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞു. ഇതോടെയാണ് തട്ടിപ്പ് ബോധ്യപ്പെടുന്നത്. താൻ പണം കൈപ്പറ്റിയിട്ടില്ലെന്ന് ജിയോളജിസ്റ്റ് വിവരം അറിയിച്ചതോടെ ക്രഷർ ഉടമ പരാതിയുമായി കൊല്ലം സിറ്റി സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ജിയോളജിസ്റ്റും പരാതി നൽകി.

രാഹുൽ ബീമാപ്പള്ളിയിലുള്ള ഒരു കടയിൽ നിന്നുമാണ് സെക്കൻഡ് ഹാന്‍ഡ് ഫോൺ വാങ്ങിയത്. മെഡിക്കൽ കോളജ് പരിസരത്തുള്ള ഒരാളെ സമീപിച്ച് തന്‍റെ അമ്മ ആശുപത്രിയിലാണെന്നും ഫോൺ നഷ്‌ടപ്പെട്ടുവെന്നും പറഞ്ഞ് ഇയാളുടെ രേഖവച്ച് സിം കാർഡും എടുത്തു. ഈ ഫോൺ നമ്പറിലെ കോൾ വിവരങ്ങളും പരാതിക്കാരനെ ബന്ധപ്പെടാൻ പ്രതികൾ ഉപയോഗിച്ച വാട്‌സ്‌ആപ്പ് സന്ദേശങ്ങളും ഐപി വിലാസങ്ങളും യാത്ര ചെയ്‌ത കാറും പിന്തുടർന്ന് സൈബർ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കോഴിക്കോട് നിന്നും പ്രതികൾ പിടിയിലായത്.

ABOUT THE AUTHOR

...view details