കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്‍റര്‍നാഷണല്‍ കയാക്കിങ് മത്സരം ഓഗസ്റ്റ് 12, 13, 14 തീയതികളിലായി തുഷാരഗിരിയില്‍ നടക്കും. കയാക്കിങ്ങില്‍ പുലിക്കയം സ്റ്റാര്‍ട്ടിങ് പോയിന്‍റും ഇലന്തുകടവ് എൻഡിങ് പോയിന്‍റുമാകും. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ആവേശത്തില്‍ തുഷാരഗിരി; അന്താരാഷ്ട്ര കയാക്കിങ് മത്സരം ഓഗസ്റ്റ് 12ന് - അന്താരാഷ്ട്ര കയാക്കിങ് മത്സരം
കോഴിക്കോട് തുഷാരഗിരിയില്‍ ഓഗസ്റ്റ് 12, 13, 14 തീയതികളിലാണ് ഇന്‍റര്‍നാഷണല്‍ കയാക്കിങ് മത്സരം നടക്കുന്നത്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് മത്സരം. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്
ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും. കേരള ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ല പഞ്ചായത്ത്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. അന്തര്‍ദേശീയ കയാക്കര്‍മാരും ദേശീയ കയാക്കര്‍മാരും മത്സരത്തില്‍ പങ്കെടുക്കും.
മത്സരത്തിന്‍റെ പ്രചരണാര്‍ഥം കോഴിക്കോട് സൈക്കിൾ സവാരി സംഘടിപ്പിച്ചു. മാനാഞ്ചിറയില്‍ നിന്നും ആരംഭിച്ച സവാരി ജില്ല കലക്‌ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡി ഫ്ലാഗ് ഓഫ് ചെയ്‌തു. 70 പേരാണ് റാലിയില്‍ പങ്കെടുത്തത്. പുലിക്കയത്ത് സൈക്കിൾ സംഘത്തെ ലിന്‍റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.