കോഴിക്കോട്: 'പിടിച്ചതും വിട്ട് പറന്നതിൻ്റെ പിന്നാലെ പോയി', പിടിച്ചതുമില്ല പറന്നതുമില്ല എന്ന അവസ്ഥയിലാണ് എൽജെഡി. സോഷ്യലിസ്റ്റ് പാർട്ടികൾ ഒരുമിച്ചിരുന്നെങ്കിൽ ഒരു പടി കൂടി മുന്നേറാം എന്ന തത്വം പാർട്ടി മറന്നു. എന്നാൽ എല്‍ഡിഎഫിനൊപ്പം അടിയുറച്ച് നിന്ന ജെഡിഎസ് വീണ്ടും സ്കോർ ചെയ്തു, മന്ത്രിസ്ഥാനവും ഉറപ്പാക്കി. ഇതോടെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ മന്ത്രി സ്ഥാനം ഇല്ലാത്ത എൽജെഡിയിൽ തമ്മിലടിയായി.
ASLO READ: നാരദ ചിട്ടി തട്ടിപ്പ്; രണ്ട് തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെ നാലു പേർ അറസ്‌റ്റിൽ
എല്‍ജെഡിയില്‍ ജയിച്ച ഏക എംഎല്‍എയായ മുൻ മന്ത്രി കെപി മോഹനൻ്റെ അവസ്ഥ എന്താകുമെന്ന് അറിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ മത്സരിച്ച് ഒന്നില്‍ മാത്രം ജയിച്ചതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ്‌കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി തുടങ്ങി. തർക്കത്തെ തുടർന്ന് നാല് അംഗങ്ങൾ പാർട്ടി സംസ്ഥാന നേതൃത്വത്തിൽ നിന്നും രാജിവച്ചു. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ശ്രേയാംസ്‌കുമാർ രാജിവെക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.
ASLO READ:ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നാളെയെത്തും; പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കും
ഓൺലൈനായി നടത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് അംഗങ്ങളുടെ രാജി പ്രഖ്യാപനം. പാർട്ടി ജനറൽ സെക്രട്ടറിമാരായ ഷേക്.പി.ഹാരിസ്, വി. സുരേന്ദ്രൻ പിള്ള, വൈസ് പ്രസിഡന്‍റ് എ. ശങ്കരൻ, പാർലമെന്‍ററി ബോർഡ് ചെയർമാൻ ചാരുപാറ രവി എന്നിവരാണ് രാജിവച്ചത്. ഇനി എന്താകും എന്ന് ചോദിച്ചാൽ ജെഡിഎസുമായി ലയിച്ച് ഒന്നാകുന്നതാകും നല്ലത് എന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്നാൽ ആരാകും നേതാവ് എന്ന വിഷയത്തില്‍ എല്ലാവരും മുന്നിലുണ്ട്. നേരത്തെ ലയിച്ച് ഒന്നായി വരാൻ സോഷ്യലിസ്റ്റ് പാർട്ടികളായ ജെഡിഎസിനോടും എല്‍ജെഡിയോടും സിപിഎം ആവശ്യപ്പെട്ടിരുന്നതുമാണ്.