കോഴിക്കോട്:ശാസ്ത്രസാങ്കേതിക വിദ്യയുടെ പുത്തൻ വാതായനങ്ങൾ വിദ്യാർഥികള്‍ക്കായി തുറന്നുകൊടുത്ത എൻഐടി കാലിക്കറ്റിന്‍റെ 'തത്വ 2019' ന്‍റെ രണ്ടാം ദിനവും പൊലിമയോടെ അരങ്ങേറി . അഡിസ്യ, വീൽസ് തുടങ്ങിയ ശ്രദ്ധേയ പരിപാടികൾക്ക് പുറമെ വിദ്യാർഥികളുടെ സാങ്കേതിക മികവുകൾ വിളിച്ചോതിയ ഡെത്ത് റേസ്, ഇ റേസർ , അനലോഗ് ഐ ക്യു എന്നീ മത്സരങ്ങളും അരങ്ങേറി.
ശ്രദ്ധേയമായി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ 'തത്വ'
തത്വയുടെ ഭാഗമായി ആർക്കിടെക്‌ചര്‍ വിഭാഗം സംഘടിപ്പിച്ച ഫോട്ടോഗ്രഫി, ആഭരണനിർമാണം, മൺപാത്രനിർമാണം എന്നീ ശില്‍പശാലകളും നടന്നു
അമേരിക്കൻ-കനേഡിയൻ ശാസ്ത്രജ്ഞനായ ലോറൻസ് ക്രോസ് തമോവർഗങ്ങളെ പറ്റി നടത്തിയ പ്രഭാഷണം ആയിരുന്നു പ്രധാന ആകർഷണം. അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ പ്രഭാഷണം കേള്‍ക്കുന്നതിനായി എത്തി. ഇതിന് പുറമെ ഡോ. ചാൾസ് ലിൻവീവർ, ശ്രീ മനോജ് ധർമജൻ, ഡോ. ശങ്കർ കെ. പാൽ, ഡോ. അഭിലാഷ് തുടങ്ങിയവരുടെ പ്രഭാഷണങ്ങളും വിദ്യാർഥികൾക്ക് പുത്തൻ അനുഭവമായി. എത്തിക്കൽ ഹാക്കിങ്, ബയോ ഇൻഫോമാടിക്സ് എന്നീ വിഷയങ്ങളിലും ശില്‍പശാലകള്‍ നടന്നു.
മോടിഫൈഡ്, വിന്‍റേജ് കാറുകളുടെ പ്രദർശനമായ വീൽസ് വാഹന പ്രേമികളെ ത്രസിപ്പിച്ചു. റോബോട്ടുകളുടെ ആവേശോജ്ജ്വലമായ പോരാട്ടം കാഴ്ചവെച്ച റോബോ വാർ ഏറെ കയ്യടി നേടി. കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി എൻഐടിയിലെ വിദ്യാർഥി കൂട്ടായ്മയായ എച്ച്വിജി ഒരുക്കിയ തണൽ സ്റ്റാൾ പ്രശംസാർഹമായി. ഇറ്റാലിയൻ ഡിജെ ഒല്ലി എസ്സെ, ഡിജെ കൽപാണിക് ബാസ് എന്നിവർ നടത്തിയ പ്രോ ഷോ രണ്ടാം ദിനത്തിന്‍റെ കലാശക്കൊട്ടിന് മാറ്റ് കൂട്ടി.