കോഴിക്കോട്: സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ സര്‍ക്കാര്‍ നിയോഗിച്ചത് കമ്മിഷനെയല്ല കമ്മിറ്റിയെയാണെന്ന് അറിയുന്നത് ഇപ്പോഴാണെന്ന് ഡബ്ല്യുസിസി. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡബ്ല്യുസിസി അംഗങ്ങള്‍.
അതേസമയം ആ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി. എന്‍ക്വയറി കമ്മിഷന്‍ ആക്‌ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല അത്. അതിനാല്‍ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ലെന്നും സതീദേവി പറഞ്ഞു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ നിയമനിര്‍മാണം ആവശ്യമാണ്. ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും പി.സതീദേവി പറഞ്ഞു.
എന്നാല്‍ ഇനിയും കാത്തിരിക്കാൻ സമയമില്ലെന്നും റിപ്പോർട്ടിൻ്റെ ഉള്ളടക്കം സർക്കാർ പുറത്ത് വിടണമെന്നും ദീദി ദാമോദരൻ ആവശ്യപ്പെട്ടു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ജസ്റ്റിസ് ഹേമ സര്‍ക്കാരിന് നേരത്തേ കൈമാറുകയും ചെയ്‌തതാണ്. എന്നിട്ടും പുറത്ത് വിടാത്തതിലും സർക്കാർ തുടർ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം ശക്തമാക്കാനാണ് ഡബ്ല്യുസിസിയുടെ തീരുമാനം.