പ്രസവ ശസ്‌ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം; സൂചന നിരാഹാര സമരവുമായി ഹര്‍ഷിന കോഴിക്കോട്:പ്രസവ ശസ്‌ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഫോറൻസിക് പരിശോധന ഫലം ഉടൻ പുറത്തു വിടണം എന്ന് ആവശ്യപ്പെട്ട്, പരാതിക്കാരി ഹർഷിന നിരാഹാര സമരം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിന് മുമ്പിലാണ് സൂചന സമരം. ആരോഗ്യമന്ത്രി അടക്കമുള്ളവർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്നും പരാതിക്കാരി ഹർഷിന കുറ്റപ്പെടുത്തി.
2017ൽ ശസ്‌ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തത് കഴിഞ്ഞ വർഷമായിരുന്നു. മാതൃ ശിശു സംരക്ഷണ വിഭാഗത്തിൽ നിന്നാണ് ശസ്‌ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയത് എന്നാണ് പരാതിക്കാരിയുടെ ആരോപണം. എന്നാൽ, അന്വേഷണത്തിൽ ആശുപത്രി ഇത് നിഷേധിച്ചു.
പിന്നീട് ആരോഗ്യ മന്ത്രി ഇടപെട്ട് വിദഗ്‌ധ സമിതിയെ കൊണ്ട് അന്വേഷിപ്പിച്ചു. നീതി ലഭിക്കും എന്ന ഉറപ്പും നൽകി. വിദഗ്‌ധ സമിതി കഴിഞ്ഞ അഞ്ചുമാസമായി സംഭവം അന്വേഷിച്ചു.
തുടർന്ന് വയറ്റിൽ നിന്ന് ലഭിച്ച ശസ്‌ത്രക്രിയ ഉപകരണം ശാസ്‌ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതിന്‍റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് ലഭിച്ചുവെങ്കിലും ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നാണ് ഹർഷിന പറയുന്നത്. ഇതോടെയാണ് ദുരൂഹത ആരോപിച്ച് ഹർഷിന സൂചന നിരാഹാര സമരത്തിലേക്ക് കടക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിന് മുമ്പിലാണ് ഹർഷിനയുടെ സമരം. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ പ്രതിഷേധിക്കാനാണ് ഹര്‍ഷിനയുടെ തീരുമാനം.