കേരളം

kerala

ETV Bharat / state

കുറത്തിപാറ തൂക്കുപാലം അപകടാവസ്ഥയിൽ - കാലവർഷം

വർഷം തോറും പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. തുടർന്ന് പാലത്തിന് കോടുപാടുകളുണ്ടായിട്ടുണ്ട്.

കുറത്തിപാറ തൂക്കുപാലം

By

Published : Jun 19, 2019, 11:53 PM IST

Updated : Jun 20, 2019, 3:25 AM IST

കോഴിക്കോട്: കാലം പുരോഗമിച്ചിട്ടും ഒരു പുരോഗമനവുമില്ലാതെ കോഴിക്കോട് കുറത്തിപാറ തൂക്കുപാലം. കവുങ്ങിൻ പാളികൾ കൊണ്ട് നിർമിച്ച പാലത്തിൽ കൂടി വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് സഞ്ചരിക്കുന്നത്. പാലത്തിന് ബലക്ഷയമുളളതിനാൽ വലിയ അപകടത്തിന് വഴിവെച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വടകര താലൂക്കിൽപെട്ട മരുതോങ്കര പഞ്ചായത്തിനെയും കൊയിലാണ്ടി താലൂക്കിൽ പെട്ട ചക്കിട്ടപാറ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് കുറത്തിപാറയിലെ തൂക്കുപാലം. രണ്ടിൽ കൂടുതൽ പേര്‍ പാലത്തിൽ കയറുമ്പോൾ പാലം കൂടുതൽ വേഗതയിൽ ആടുന്നത് ജനങ്ങളില്‍ ഭീതിയുര്‍ത്തുന്നു. വേനൽക്കാലത്ത് കടന്തറ പുഴയിൽ വെള്ളം കുറയുന്നതിനാൽ ആളുകൾ മിക്കവാറും പുഴയിലൂടെ തന്നെയാണ് അക്കര എത്തുന്നത്. എന്നാൽ കാലവർഷം കനക്കുമ്പോൾ പുഴയിൽ വെള്ളം കയറുന്നതിനാൽ കവുങ്ങ് പാലത്തെ ആശ്രയിക്കേണ്ടിവരും.

കുറത്തിപാറ തൂക്കുപാലം അപകടാവസ്ഥയിൽ

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള താൽക്കാലിക പാലത്തിന്‍റെ പ്ലാൻ ഫണ്ടിൽ നിന്നാണ് കുറത്തിപാറയിലെ തൂക്കു പാലം നിർമ്മിച്ചത്. വർഷം തോറും പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. തുടർന്ന് പാലത്തിന് കോടുപാടുകളുണ്ടായിട്ടുണ്ട്. തുടർച്ചയായി മഴ പെയ്‌താൽ കവുങ്ങ് പാളികളിൽ ബലക്ഷയം നേരിടും. ഇത് കൂടുതൽ അപകടസാധ്യതയിലേക്ക് വഴിവെയ്ക്കും. മഴക്കാലത്ത് പാലത്തിൽ കൂടി കടക്കുന്നത് ഏറെ പ്രയാസകരമാണെന്നും താൽക്കാലിക പാലത്തിന് ഒരു ശാശ്വത പരിഹാരമായി കോൺക്രീറ്റ് പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മന്ത്രി ടിപി രാമകൃഷ്ണനോടും എംപി കെ മുരളീധരനോടും പാലത്തിന്‍റെ അവസ്ഥയെപ്പറ്റി നേരിട്ട് കണ്ട് പുതിയ പാലം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ഇതിനായി ഫണ്ട് അനുവദിക്കുമെന്ന് വാഗ്‌ദാനം നൽകിയിട്ടുണ്ടെന്നും മുൻ പഞ്ചായത്ത് മെമ്പർ ഹമീദ് ആവള പറഞ്ഞു. കാലവർഷം കഴിയും വരെ പാലത്തിൽ കൂടി കടന്നു പോകുന്നത് എത്രമാത്രം സുരക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല. കാലൊന്നു തെറ്റിയാൽ കാലവർഷത്തിൽ കുത്തിയൊലിക്കുന്ന പുഴയിലേക്ക് വീഴുമെന്ന ഭീതിയിലാണ് നാട്ടുകാർ.

Last Updated : Jun 20, 2019, 3:25 AM IST

ABOUT THE AUTHOR

...view details