കോഴിക്കോട്: ഗാന്ധിജിയുടെ പ്രതിമകൾ തയാറാക്കി പ്രശംസ നേടിയ റിട്ടയേർഡ് അധ്യാപകൻ ദേവസ്യ ദേവഗിരി കസ്‌തൂർബയോടൊപ്പമുള്ള ഗാന്ധിജിയുടെ പുതിയ ചിത്രശിൽപം ഒരുക്കി വീണ്ടും ശ്രദ്ധേയനാവുകയാണ്. പ്ലൈവുഡിന്‍റെ പ്രതലത്തിൽ സിമന്‍റ് ഉപയോഗിച്ചാണ് ഇത്തവണ ദേവസ്യ മാഷ് ഗാന്ധിജിയുടെ ചിത്രശിൽപം തീർത്തത്. അഞ്ച് അടി നീളവും മൂന്നടി വീതിയുമുള്ള പ്ലൈവുഡിൽ സിമന്‍റ് കൊണ്ട് തീർത്ത ഗാന്ധിജിയും കസ്‌തൂർബയും കാഴ്ച്ചക്കാർക്ക് നവ്യാനുഭവമാവുകയാണ്.
പ്ലൈവുഡില്‍ ഗാന്ധിജിയുടെ ചിത്രശില്‍പം തീര്‍ത്ത് റിട്ടയേര്‍ഡ് അധ്യാപകൻ
ഗാന്ധി ശിൽപത്തിന്‍റെ അനാച്ഛാദനം ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടിന് കോഴിക്കോട് ഡിസിസിയിൽ നടത്തും
ഗാന്ധിജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള എളുപ്പമാർഗം എന്ന നിലയിലാണ് ദേവസ്യ പ്രതിമകളും ശിൽപങ്ങളും തയാറാക്കുന്നത്. നേരത്തെ 30 മീറ്റർ ക്യാൻവാസിൽ പ്രശസ്‌ത വ്യക്തികളെ പേന കൊണ്ട് വരച്ച് ലോക റെക്കോർഡിട്ട ദേവസ്യക്ക് പ്ലൈവുഡ് പ്രതലത്തിൽ ഗാന്ധിയെ തീർക്കാൻ രണ്ടാഴ്ച്ച മാത്രമാണ് സമയം വേണ്ടി വന്നത്. ചിത്രശിൽപത്തിന്‍റെ അനാച്ഛാദനം ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടിന് കോഴിക്കോട് ഡിസിസിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ശേഷം ഗാന്ധിയൻ ആശയ പ്രചരണങ്ങൾക്ക് കേരളത്തിലുടനീളം ഈ ചിത്ര ശിൽപം സഞ്ചരിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്യ.