കോഴിക്കോട്: അന്തരിച്ച വടകര മുൻ എംഎൽഎ എം.കെ പ്രേംനാഥിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്‌ടർക്കെതിരെ പരാതി (MLA MK Premnath Death). ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ചാണ് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് (Family Complaint Against Doctor Refused Treatment). ഡോക്‌ടർക്കെതിരെ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
കോഴിക്കോട്ടെ പ്രമുഖ ന്യൂറോളജിസ്‌റ്റിനെതിരെയാണ് പരാതി. അവശനിലയിലായിരുന്ന പ്രേം നാഥിനെ ബന്ധുക്കൾ ചേർന്ന് തൊട്ടടുത്ത ന്യൂറോളജിസ്‌റ്റിൻ്റെ അടുത്ത് എത്തിച്ചിരുന്നു. എന്നാൽ യാതൊരു പരിഗണനയും നൽകാതെ ഡോക്‌ടർ രോഗിയേയും കൂട്ടരേയും പറഞ്ഞുവിട്ടെന്നാണ് ആരോപണം. ചികിത്സ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞാണ് ഡോക്‌ടർ ചികിത്സ നിഷേധിച്ചതെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് മറ്റ് രണ്ട് ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞ പ്രേംനാഥ് മസ്‌തിഷ്‌ക ആഘാതത്തെ തുടർന്ന് സെപ്‌റ്റംബർ 29നാണ് മരിച്ചത്. മാസ്‌ക് ധരിച്ചത് കൊണ്ട് ആളുകളെ മനസിലായില്ലെന്നും നിപ സാഹചര്യം നിലനിന്നതു കൊണ്ട് മുൻകരുതൽ എടുത്തതാണെന്നുമാണ് ഡോക്‌ടറുടെ വിശദീകരണം.
എന്നാൽ ഡോക്‌ടറുടെ വാദങ്ങൾ തെറ്റാണെന്നും പ്രേംനാഥിനെ മനസ്സിലായിട്ടും അവണിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കോഴിക്കോട്ട് അഭിഭാഷകനുമായി പ്രവർത്തിച്ച പ്രേംനാഥ് നടക്കാവിലായിരുന്നു താമസം. 2006 മുതൽ 2011 വരെ നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. വടകര റൂറൽ ബാങ്ക് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.