തൊഴുത്ത് തകർന്ന് സ്ലാബിനുള്ളിൽ കുടുങ്ങിയ പശുക്കളെ രക്ഷപ്പെടുത്തി
പേരാമ്പ്ര ഫയർഫോഴ്‌സാണ് രക്ഷാപ്രവർത്തനം നടത്തിയത്. പശുക്കൾക്ക് കാര്യമായി പരിക്ക് പറ്റിയിട്ടില്ല
കോഴിക്കോട്: കനത്ത മഴയിൽ കോൺക്രീറ്റ് തൊഴുത്ത് തകർന്ന് സ്ലാബിനുളളിൽ കുടുങ്ങിയ പശുവിനെയും കുട്ടിയെയും രക്ഷപ്പെടുത്തി. പേരാമ്പ്ര ഫയർഫോഴ്‌സാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുളിയങ്ങലിലെ ദാവരിച്ച് കണ്ടി ബീരാൻ കുട്ടിയുടെ വീട്ടിലെ തൊഴുത്താണ് തകർന്നത്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഉയർത്തിയശേഷം ഡെമോളിഷിങ് ഹാമർ ഉപയോഗിച്ച് വളരെ ശ്രമകരമായാണ് പശുവിനെ രക്ഷപ്പെടുത്തിയത്. സ്ലാബിന്‍റെ പകുതിഭാഗം വരെ പൊളിച്ച ശേഷമാണ് രണ്ടാമത്തെ പശുവിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. പശുവിന്‍റെ ഒരു കൊമ്പ് ഒടിഞ്ഞതൊഴിച്ച് മറ്റ് കാര്യമായ പരിക്കുകളില്ല. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. വിനോദിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.