കോഴിക്കോട്:എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തവും കരൾ പ്രശ്‌നവും സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ട്രാൻസിറ്റ് വാറൻ്റുള്ള പശ്ചാത്തലത്തിൽ സി ജെഎം കോടതി ഒന്നിലെ ജഡ്‌ജി ആശുപത്രിയിൽ എത്തി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.
പൊലീസിന്‍റെ വലയത്തിൽ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. മണിക്കൂറുകൾ നീണ്ട വൈദ്യ പരിശോധനയ്ക്ക് ഒടുവിലാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തോളം വിഭാഗങ്ങളിലെ ഡോക്‌ടർമാരാണ് ഷാരൂഖിനെ പരിശോധിച്ചത്. ആരോഗ്യനില വീണ്ടെടുക്കുന്നതിന് പിന്നാലെ പ്രതിയെ കോടതിയിൽ ഹാജരാക്കും. പിന്നാലെ ആയിരിക്കും കസ്റ്റഡിയിൽ ആവശ്യപ്പെടുക. ഇന്ന് രാവിലെ 11 മണിയോടെ മാധ്യമങ്ങളെ കബളിപ്പിച്ച് പ്രതിയെ പൊലീസ്, മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
'ഷാരൂഖിന് പരസ്‌പരവിരുദ്ധമായ മൊഴികള്‍':പ്രതിയുടെ ദേഹത്തുള്ള മുറിവിന്‍റെ ആഴം, സ്വഭാവം, ഏത് സമയങ്ങളില്‍ പരിക്കുകൾ പറ്റി, മുറിവിന് എത്ര ദിവസത്തെ പഴക്കമുണ്ട്, പൊള്ളലേറ്റതിന്‍റെ മറ്റ് വിശദാംശങ്ങൾ എന്നിവയാണ് ഫൊറൻസിക് വിഭാഗം പരിശോധിച്ചത്. ഇതിൻ്റെ വിശദാംശങ്ങൾ പുറത്ത് വരുന്നതോടെയായിരിക്കും ഇയാൾക്ക് എങ്ങനെയൊക്കെ അപകടം സംഭവിച്ചു എന്ന നിഗമനത്തില്‍ അന്വേഷണ സംഘമെത്തുക. ട്രെയിനിൽവച്ച് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ പരസ്‌പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാരൂഖ് ആദ്യഘട്ട ചോദ്യം ചെയ്യലിൽ നൽകിയത്.
READ MORE|ട്രെയിനില്‍ തീവച്ച കേസ്; പ്രതി ഷഹറൂഖ് സെയ്‌ഫി മഹാരാഷ്‌ട്രയില്‍ പിടിയില്‍