കോഴിക്കോട് :എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎ ഏറ്റെടുക്കാൻ സാധ്യതയേറുന്നു. എൻഐഎ ഡിഐജി കാളിരാജ് മഹേഷ് കുമാര്‍, അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ എഡിജിപി എംആർ അജിത്ത് കുമാറുമായി ചർച്ചനടത്തി. കോഴിക്കോട് വച്ചായിരുന്നു ചർച്ച.
ALSO READ|ട്രെയിനിലെ തീവയ്‌പ്പ്; ഷാരൂഖ് സെയ്‌ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നെന്ന് നിഗമനം
പിടിയിലായ ഷാരൂഖ് സെയ്‌ഫിയുടെ രണ്ടുവർഷത്തെ ഫോൺകോളുകളും ചാറ്റുകളും പരിശോധിച്ചുവരുന്നതിന് പിന്നാലെയാണ് എൻഐഎ കേസിൽ പിടിമുറുക്കിയത്. ഇയാൾക്ക് പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന നിഗമനത്തിലാണ് കേന്ദ്ര കുറ്റാന്വേഷണ ഏജൻസി. അതിനിടെ കേസിലെ പ്രതി ഷൊർണൂരിൽ നിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയതെന്ന് എഡിജിപി എംആർ അജിത്ത് കുമാർ സ്ഥിരീകരിച്ചു.
പെട്രോൾ വാങ്ങിയതിന്‍റെ തെളിവ് ലഭിച്ചു:രണ്ട് കാനുകളിലായി നാലുലിറ്റർ പെട്രോളാണ് ഇയാൾ വാങ്ങിയത്. ഷൊർണൂർ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പമ്പ് ഒഴിവാക്കി, തൊട്ടടുത്ത പമ്പിലേക്ക് ഓട്ടോ വിളിച്ചാണ് ഇയാള്‍ പോയത്. തുടര്‍ന്ന് ഇവിടെ നിന്നും പെട്രോൾ വാങ്ങിയതിന്‍റെ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ നാളെ (ഏപ്രില്‍ ഒന്‍പത്) പമ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് സാധ്യത. അതേസമയം, കേസിൽ ഇതുവരെയും യുഎപിഎ വകുപ്പ് ചേർത്തിട്ടില്ല.
ALSO READ|'ആ ബാഗ് ഷാരൂഖ് സെയ്‌ഫിയുടേത് തന്നെ'; കയ്യക്ഷരം തിരിച്ചറിഞ്ഞെന്ന് എഡിജിപി
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിന് പിന്നാലെ റെയിൽവേ ട്രാക്കിൽ നിന്ന് ലഭിച്ച ബാഗ് പ്രതി ഷാരൂഖ് സെയ്‌ഫിയുടേതാണ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയാണ് (ഏപ്രില്‍ ഏഴ്) ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം സ്ഥിരീകരണം നടത്തിയത്. നോട്ടുബുക്കിലും പോക്കറ്റ് ഡയറിയിലും കണ്ടെത്തിയ കയ്യക്ഷരം പ്രതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ട്രെയിനിൽ ആക്രമണം നടത്തിയത് താനാണെന്ന് പ്രതി നേരത്തെ തന്നെ കുറ്റസമ്മതം നടത്തിയിരുന്നെന്നും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ എഡിജിപി എംആർ അജിത്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ |ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖ് സെയ്‌ഫിയെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതൊരു നീണ്ട പ്രക്രിയയാണ്. എല്ലാ പ്രതികളെയും പോലെയാണ് ഇയാളും. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്‌ക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസ് ഇപ്പോഴും പ്രാഥമികഘട്ടത്തിൽ ആണെന്നുള്ള പതിവ് ഉത്തരം തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോഴും തുടരുന്നത്.
ഷാരൂഖ് സെയ്‌ഫിയെ കസ്റ്റഡിയില്‍ വിട്ടു :ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 11 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി തള്ളി. ഏപ്രില്‍ ഏഴിനാണ് ഉത്തരവ് വന്നത്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രില്‍ 18 വരെയാണ് പൊലീസ് കസ്റ്റഡി.