കോഴിക്കോട്: ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഷെജിന്‍റെ പ്രണയ വിവാഹത്തെതുടർന്നുള്ള വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഡി.വൈ.എഫ്.ഐ. കേരളത്തിന്‍റെ മത നിരപേക്ഷ പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദെന്നും ഷെജിനും ജോയ്‌സ്‌നയും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയാണെന്നും ഡി.വൈ.എഫ്.ഐ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ വ്യക്തമാക്കി.
സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ ജോർജ് എം തോമസ് ഷെജിന്‍റെയും ജോയ്സനയുടെയും വിവാഹത്തെ തള്ളിപ്പറഞ്ഞും പ്രണയത്തിൽ സംശയം ഉന്നയിച്ചും രംഗത്തെത്തിയിരുന്നു. ലൗജിഹാദ് ഉണ്ടെന്ന് സി.പി.എമ്മിന്‍റെ പാർട്ടി രേഖകളിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഷെജിന്‍റെയും ജോയ്സനയുടെയും വിവാഹത്തിനെതിരെ കോഴിക്കോട് കോടഞ്ചേരിയിൽ കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനമടക്കം നടന്ന സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്‍റെ പ്രതികരണം.
ജോർജ് എം തോമസിന്‍റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഡി.വൈ.എഫ്.ഐ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഷെജിൻ പാർട്ടിക്ക് വലിയ ഡാമേജ് ഉണ്ടാക്കി എന്നായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്. എന്നാൽ, ഷെജിൻ പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയാണെന്നാണ് ഡി.വൈ.എഫ്.ഐയുടെ നിലപാട്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖല സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്. പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്‌പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്.