കോഴിക്കോട്: ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ മർദിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. രോഗിയുടെ ബന്ധുകൂടിയായ കുന്ദമംഗലം സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ് അലി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കേസിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനായ പി കെ അശോകനെയാണ് രോഗിയുടെ ബന്ധുക്കൾ മര്‍ദിക്കുകയും ആശുപത്രി തല്ലി തകര്‍ക്കുകയും ചെയ്‌തത്.
പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച യുവതിയുടെ സ്‌കാനിങ് റിപ്പോർട്ട് നൽകാൻ വൈകി എന്ന് ആരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. യുവതിയെ ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ അനിതയുമായി തർക്കിച്ച രോഗിയുടെ ബന്ധുക്കൾ ബഹളമുണ്ടാക്കുകയും നഴ്‌സിങ് സ്റ്റേഷൻ അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു. ഇതിനുശേഷം രാത്രിയോടെ ഡോക്‌ടർ അനിതക്കൊപ്പം എത്തിയ ഇവരുടെ ഭർത്താവും ഇതേ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റുമായ അശോകനെ രോഗിയുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മർദിച്ച് അവശനാക്കി.
മുഖത്ത് ശക്തമായി ഇടിയേറ്റ് നിലത്ത് വീണ ഡോക്‌ടറെ ചികിത്സയ്ക്കായി മാറ്റാനുള്ള ശ്രമങ്ങളും ഇവര്‍ തടസപ്പെടുത്തി. ബന്ധുക്കൾക്കെതിരെ വധശ്രമം, ആശുപത്രി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കടുത്ത നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയെ ഫെബ്രുവരി 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു തന്നെ യുവതിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ യുവതിയുടെ കുഞ്ഞിനെ രക്ഷിക്കാനായില്ല. രോഗിയുടെ തുടർ ചികിത്സകൾ പുരോഗമിക്കുന്നതിനിടെയാണ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടായത്.