ഡോക്‌ടർ ചികിത്സാപിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങൾ കോഴിക്കോട്: കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്‌ടർ ചികിത്സാപിഴവ് സമ്മതിക്കുന്ന ദൃശ്യം പുറത്ത്. ശസ്ത്രക്രിയക്ക് വിധേയയായ സജ്‌നയുടെ ബന്ധുക്കളാണ് ദൃശ്യം പുറത്തുവിട്ടത്. ഇടത് കാലിൽ ശസ്ത്രക്രിയ നടത്താനാണ് താൻ മുന്നൊരുക്കം നടത്തിയതെന്ന് ഡോക്‌ടർ പറയുന്നത് ദൃശ്യത്തിലുണ്ട്.
കോഴിക്കോട് നാഷണൽ ആശുപത്രി മാനേജ്മെന്‍റുമായി നടത്തിയ ചർച്ചയ്ക്കിടയിലെ തുറന്നുപറച്ചിലാണ് പുറത്തുവന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഡോ. ബെഹിർഷാനെ പ്രതിയാക്കി നടക്കാവ് പൊലീസ് കേസെടുത്തു. അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉത്തരവിട്ടിരുന്നു.
ജില്ല മെഡിക്കൽ ഓഫിസറാണ് അന്വേഷണം നടത്തുന്നത്. റിപ്പോർട്ട് ഉടൻ തന്നെ കൈമാറും. അതിനിടെ
മെഡിക്കൽ കോളജിലെ തുടർപരിശോധനയിലും ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടീയിരുന്നതെന്ന് വ്യക്തമായി. കക്കോടി സ്വദേശി സജ്‌നയെയാണ് കഴിഞ്ഞ ദിവസം നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്‌ത്രക്രിയ നടത്തിയത്.
സംഭവത്തില്‍ ആശുപത്രിയിലെ ഓർത്തോ മേധാവിയായ ഡോ. ബഹിർഷാനെതിരെ സജ്‌നയുടെ കുടുംബം പരാതി ഉയർത്തിയിരുന്നു. ഒരു വർഷമായി അറുപതുകാരിയായ സജ്‌ന ഡോക്‌ടർ ബഹിർഷായുടെ ചികിത്സയിലാണ്. വാതിലിനിടയിൽ കുടുങ്ങി ഇടതുകാലിന് പരിക്കേറ്റതിനെ തുടർന്നായിരുന്നു ചികിത്സ.
ഏതാനും ദിവസമായി കാലിന് വേദന വർധിച്ചതിനെത്തുടർന്നാണ് ശസ്‌ത്രക്രിയ എന്ന തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തി അനസ്‌തേഷ്യയുടെ മയക്കം വിട്ടപ്പോഴാണ് കാലു മാറിയ വിവരം സജ്‌ന മനസിലാക്കുന്നത്. ഇക്കാര്യം ഡോക്‌ടറോട് പറഞ്ഞപ്പോൾ തെറ്റുപറ്റിയെന്ന് അദ്ദേഹം കുടുംബത്തോട് ഏറ്റുപറഞ്ഞിരുന്നു. എന്നാൽ ഡോക്‌ടറെ രക്ഷപ്പെടുത്താൻ ആശുപത്രി അധികൃതർ ചികിത്സ രേഖകളിൽ കൃത്രിമം നടത്തിയതോടെയാണ് ബന്ധുക്കൾ തെളിവുകൾ പുറത്ത് വിട്ടത്.