വടകര പാർലമെന്‍റ് മണ്ഡലത്തിലെ പോരാട്ടത്തിന് ചിത്രം തെളിഞ്ഞു വരുമ്പോൾ സിപിഎമ്മിനൊപ്പം എൽജെഡിക്കും നെഞ്ചിടിപ്പ് കൂടുകയാണ്. 2009ൽ അന്നത്തെ സോഷ്യലിസ്റ്റ് ജനത ഇടതുമുന്നണി വിട്ടതിന് ശേഷം വടകര സീറ്റിൽ എൽഡിഎഫ് വിജയക്കൊടി പാറിച്ചിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് എല്‍ജെഡിക്കും നിര്‍ണായകം - യുഡിഎഫ്
2009ൽ സോഷ്യലിസ്റ്റ് ജനത ഇടതു മുന്നണി വിട്ട് യുഡിഎഫില്‍ ചേക്കേറി.
വീരേന്ദ്രകുമാറിന്‍റെ സോഷ്യലിസ്റ്റ് ജനത മുന്നണി വിടുന്നതിന് മുമ്പ് നടന്ന 2004ലെ തെരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി പി സതീദേവി 1,30,000 വോട്ടുകൾക്കാണ് വിജയിച്ചത്. എന്നാൽ 2009ൽ സോഷ്യലിസ്റ്റ് ജനത മുന്നണി വിട്ട് യുഡിഎഫില്‍ ചേക്കേറി. പിന്നാലെ വടകരയിൽ യുഡിഎഫ് സ്ഥാനാർഥി മുല്ലപ്പള്ളി രാമചന്ദ്രൻ 56,000 വോട്ടുകൾക്ക് അട്ടിമറി വിജയം നേടി. അന്ന് വടകരയിൽ ആർഎംപി ചെറിയ സ്വാധീനം ചെലുത്തിയിരുന്നുവെങ്കിലും സോഷ്യലിസ്റ്റ് ജനതയുടെ വോട്ടുകൾ യുഡിഎഫ് വിജയത്തിന്‍റെ പ്രധാന ഘടകമായി രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തിയിരുന്നു. സോഷ്യലിസ്റ്റ് ജനത പേര് മാറ്റി ലോക്താന്ത്രിക് ജനതാദളായി ഇടതുമുന്നണിയിൽ തിരിച്ചെത്തുമ്പോള്‍ വടകര സീറ്റ് എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ പി ജയരാജനോട് കിടപിടിക്കാവുന്ന ശക്തനായ സ്ഥാനാർഥിയെ യുഡിഎഫ് മുന്നോട്ടുവച്ചതോടെ കടുത്ത പോരാട്ടത്തിനാണ് മണ്ഡലം വേദിയാവുക. തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ഏൽജെഡിക്ക് തങ്ങളുടെ ശക്തി തെളിയിക്കുക എന്ന ബാധ്യത കൂടിയുണ്ട്.
വടകര മണ്ഡലത്തിൽ 70,000ത്തിൽ അധികം വോട്ട് ഉണ്ടെന്നാണ് എൽജെഡിയുടെ അവകാശവാദം. വിമത നീക്കം ഉണ്ടാകാതിരിക്കാന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര സീറ്റ് വാഗ്ദാനം ചെയ്താണ് സിപിഎം എല്‍ജെഡിയെ അനുനയിപ്പിച്ചത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ വടകരയിൽ ജയിച്ചില്ലെങ്കില്‍ ഇക്കാരണം ചൂണ്ടിക്കാട്ടി സിപിഎം വാഗ്ദാനത്തിൽ നിന്ന് പിന്മാറുമെന്ന ആശങ്കയും എൽജെഡി നേതാക്കൾക്കുണ്ട്.