കോഴിക്കോട്: സുഗന്ധവിളകളിലെ അജ്ഞാതരോഗം കണ്ടെത്താനാവാതെ പ്രതിസന്ധിയിലായി കോഴിക്കോട് കാവിലുംപാറയിലെ കർഷകർ. രണ്ട് വർഷം മുമ്പാണ് അജ്ഞാതരോഗം ഗ്രാമ്പൂ ചെടികളിൽ കണ്ടുതുടങ്ങിയത്. പൂക്കളും ഇലയും ചീഞ്ഞായിരുന്നു തുടങ്ങിയത്. പിന്നാലെ കൊമ്പും തടിയും ഉണങ്ങാൻ തുടങ്ങി.
30 ഗ്രാമ്പൂ മരങ്ങളാണ് ഒറ്റവർഷം കൊണ്ട് ഉണങ്ങിപ്പോയത്. പല രീതിയിലുള്ള പരിശോധനകൾ നടത്തിയിട്ടും കൃത്യമായ കാരണം കണ്ടെത്താൻ കൃഷി വകുപ്പിനും സുഗന്ധവിള ഗവേഷണ കേന്ദ്ര അധികൃതർക്കും സാധിക്കുന്നില്ല. കുമിള്‍ രോഗത്തിനുള്ള മരുന്നുകളാണ് കഴിഞ്ഞ രണ്ട് വർഷമായി തളിക്കുന്നത്. എന്നാല്‍ ഫലമില്ലെന്ന് കർഷകർ പറയുന്നു.