കോഴിക്കോട് :സ്വകാര്യ ബസില്‍ യാത്ര ചെയ്‌ത ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ കണ്ടക്‌ടര്‍ മര്‍ദിച്ച് ഇറക്കി വിട്ടതായി പരാതി. ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഷാനിഫിനെയാണ് (23) വഴിയില്‍ ഇറക്കി വിട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം.
തിക്കോടിയിലെ വീട്ടിലേയ്ക്ക് പോകാനായി പൂക്കാട് നിന്നാണ് ഷാനിഫ് ബസില്‍ കയറിയത്. തിക്കോടിയിലേയ്ക്ക് ടിക്കറ്റെടുത്ത ഷാനിഫിനോട് കൊയിലാണ്ടി എത്തിയപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ കണ്ടക്‌ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിക്കോടിയിലേയ്ക്കാണ് ടിക്കറ്റെടുത്തതെന്ന് പറഞ്ഞതോടെ ഇയാള്‍ ഷാനിഫിനെ അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും ചെയ്‌തു.
വിദ്യാര്‍ഥിയുടെയും പ്രിന്‍സിപ്പലിന്‍റെയും പ്രതികരണം തുടര്‍ന്ന് അടുത്ത സ്‌റ്റോപ്പായ പയ്യോളിയിലെത്തിയപ്പോള്‍ ടിക്കറ്റ് പിടിച്ചുവാങ്ങി ഷാനിഫിനെ ഇറക്കി വിട്ടു. തുടർന്ന് ഷാനിഫ് നേരെ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കി. ഷാനിഫിന്‍റെ ബന്ധുക്കളും സ്‌കൂള്‍ അധികൃതരും പൊലീസുമായി ബന്ധപ്പെട്ടെങ്കിലും ബസ് ഏതാണെന്ന് പറഞ്ഞാല്‍ നടപടിയെടുക്കാമെന്നായിരുന്നു മറുപടി.
കഴിഞ്ഞ പത്ത് വർഷമായി അഭയം സ്‌കൂളിലെ തൊഴിൽ പരിശീലന ക്ലാസ് വിദ്യാർഥിയാണ് ഷാനിഫ്. സ്‌കൂള്‍ സമയം കഴിഞ്ഞാൽ നാട്ടിലെ റേഷൻ കടയിൽ സഹായിയായി നിൽക്കും. മാനസിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും വർഷങ്ങളായി ഒറ്റയ്ക്ക് യാത്ര ചെയ്യാറുണ്ട്. ഇതാദ്യമായാണ് ഇങ്ങനെ ഒരു സംഭവമെന്നും ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഈ ഇരുപത്തിമൂന്നുകാരൻ്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സ്‌കൂള്‍ അധികൃതർ പറഞ്ഞു.