കോഴിക്കോട്:വീട്ടമ്മയുടെ ഫോൺ രേഖ ചോർത്തി ഭർത്താവിന് നൽകിയെന്ന പരാതിയിൽ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെയാണ് അന്വേഷണം. പൊന്നാനിയിലെ വീട്ടമ്മയാണ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിരുന്നത്.
തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകള്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ സുദര്‍ശനൻ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്നാണ് വീട്ടമ്മയുടെ പരാതി. ഫോണ്‍ രേഖകള്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി അപമാനിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മ പരാതിപ്പെട്ടു. പരാതിയില്‍ അന്വേഷണം നടത്തിയ മലപ്പുറം എസ്‌പി കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എസിപിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.