കോഴിക്കോട് : നിപയിൽ ആശ്വാസം കണ്ടെത്തിയെങ്കിലും ഡെങ്കിപ്പനി ഭീതിയിൽ ജില്ല (Dengue Fever Kozhikode). ഡെങ്കിബാധിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ 32 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. കോർപ്പറേഷൻ പരിധിയിലുള്ളവരാണ് രോഗികളിൽ കൂടുതൽ പേരും. ഇതോടെ ഡെങ്കി ഹോട്ട്സ്പോട്ടുകൾ (Dengue hotspot Kozhikode Corporation) പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ്.
ഈഡിസ് ഈജിപ്‌തി ഇനത്തിൽ പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത് (Dengue cases Kozhikode). ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്ന ഇവയെ തുരത്താൻ പൊതുജന ശ്രദ്ധ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. വീടിന്‍റെ അകത്തും പുറത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം.
വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്‍റെ ഉറവിടമായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്‌ജിലെയും ട്രേയിലെ വെള്ളം ആഴ്‌ച തോറും മാറ്റണം. ആക്രിക്കട, ടയർകട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിർമാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്‍റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയിൽ മൂടിവയ്‌ക്കേണ്ടത് അത്യാവശ്യമാണ്.