കേരളം

kerala

ETV Bharat / state

നാദാപുരത്ത് ഗൃഹനാഥന്‍റെ മരണത്തിനിടയാക്കിയ ജെസിബി കോടതി കണ്ടു കെട്ടി

രേഖകൾ പരിശോധിച്ചപ്പോൾ ജെസിബിക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ല എന്ന കാര്യം മനസിലായതിനെതുടർന്നാണ് ജെസിബി കണ്ടു കെട്ടാൻ കോടതി ഉത്തരവിട്ടത്

നാദാപുരം  ജെസിബി  JCB  പൊലീസ്  എംഎസിടി കോടതി
നാദാപുരത്ത് ഗൃഹനാഥന്‍റെ മരണത്തിനിടയാക്കിയ ജെസിബി കോടതി കണ്ടു കെട്ടി

By

Published : Mar 24, 2021, 9:20 PM IST

കോഴിക്കോട്: നാദാപുരത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഗൃഹനാഥൻ ജെസിബി ഇടിച്ച് മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ ജെസിബി കോടതി ഉത്തരവ് പ്രകാരം സർക്കാരിലേക്ക് കണ്ടു കെട്ടി. വടകര എംഎസിടി കോടതിയാണ് ജെസിബി കണ്ടുകെട്ടാൻ ഉത്തരവിട്ടത്. അപകടത്തിനിടയാക്കിയ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്നറിഞ്ഞ കോടതി 20 ലക്ഷം രൂപ കെട്ടിവെക്കാൻ ജെസിബിയുടെ ഉടമയായ കുറ്റിപുനത്തിൽ ദിലീപ് കുമാറിനോട് ആവശ്യപ്പെട്ടെങ്കിലും ഉടമ അതിന് തയ്യാറാകാത്തതിനെ തുടർന്നാണ് വാഹനംകണ്ടു കെട്ടിയതായി കോടതി ഉത്തരവിട്ടത്.

2021 ഫെബ്രുവരി പത്തിനാണ് അരൂർ തണ്ണീർ പന്തൽ റോഡിൽ കോട്ടു മുക്കിനു സമീപം കേസിനാസ്പദമായ സംഭവം നടന്നത്. അരൂർ കോട്ടുമുക്കിലെ വാഴയിൽ ബാലൻ(60) ആണ് ജെസിബി തട്ടി മരിച്ചത്. കോട്ടുമുക്കിലെ മണ്ണെടുക്കുന്ന പറമ്പിൽ നിന്ന് അശ്രദ്ധയോടെ റോഡിലേക്ക് ഇറക്കിയ ജെസിബിയുടെ കൈ സ്കൂട്ടറിൽ വരികയായിരുന്ന ബാലന്‍റെ തലയിൽ ഇടിക്കുകയായിരുന്നു. ബാലനെ ഉടൻ തന്നെ വടകരയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സ്ഥലത്ത്നിന്ന് പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ ജെസിബി എടുത്ത് മാറ്റിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും പിറ്റേ ദിവസമാണ് ജെസിബി സ്‌റ്റേഷനിൽ ഹാജരാക്കിയത്.

അപകട ശേഷം ജെസിബി നാദാപുരം പൊലീസ് സ്റ്റേഷൻ വളപ്പിലായിരുന്നു സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ജെസിബി കണ്ടു കെട്ടി പൊലീസ് കസ്റ്റഡിയിൽ ഏൽപ്പിച്ചു. സാധാരണ എംഎസിടിക്ക് മുമ്പാകെ എത്തുന്ന കേസുകൾക്ക് വർഷങ്ങളുടെ കാലതാമസം വരാറുണ്ട്. എന്നാൽ വളരെ അടിയന്തര പ്രാധാന്യത്തോടെ സംഭവം നടന്ന് ഒരു മാസം കൊണ്ടാണ് കോടതി ഈ കേസ് പരിഗണിച്ചത്. നാദാപുരം സ്റ്റേഷൻ പരിധിയിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ പരിശോധന നടത്താനും നടപടി സ്വീകരിക്കാനും പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details