കോഴിക്കോട്:കെട്ടിട നിര്‍മാണ കമ്പനിയ്‌ക്ക് നിര്‍മാണ സാമഗ്രികള്‍ കുറഞ്ഞ വിലയില്‍ എത്തിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുംബൈ സ്വദേശി നീരവാണ് (29) അറസ്റ്റിലായത്. പത്ത് ലക്ഷം രൂപയാണ് കോഴിക്കോട് സ്വദേശികളായ നിര്‍മാണ കമ്പനി ഉടമയില്‍ നിന്നും ഇയാള്‍ തട്ടിയെടുത്തത്. മുംബൈയിലെ ബോറിവലിയില്‍ നിന്ന് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് ഇന്നലെയാണ് (നവംബര്‍ 21) ഇയാളെ കസ്റ്റഡിയിലെടുത്തത്.
നിര്‍മാണ സാമഗ്രികള്‍ നല്‍കാമെന്ന് പറഞ്ഞ് അഡ്വാന്‍സായി ഇയാള്‍ പണം കൈപ്പറ്റുകയായിരുന്നു. പണം നല്‍കിയിട്ടും സാമഗ്രികള്‍ എത്താതായതോടെയാണ് തട്ടിപ്പ് മനസിലായത്. ഇതോടെയാണ് കമ്പനി ഉടമ പൊലീസില്‍ പരാതിയുമായി എത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.
പ്രതിയുടെ കയ്യില്‍ നിന്നും നിരവധി ആളുകളുടെ പേരിലുള്ള എടിഎം കാര്‍ഡുകളും പാൻ കാര്‍ഡുകളും പൊലീസ് കണ്ടെടുത്തു. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ദിനേഷ് കോറോത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. നിരവധി ഫോണ്‍ നമ്പറുകളും കോള്‍ വിവരങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതിലൂടെയാണ് പ്രതിയെ വലയിലാക്കാനായത്.
തട്ടിപ്പ് രീതി ഇങ്ങനെ:ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്‌തും ഇന്ത്യ മാർട്ട് പോലെയുള്ള വെബ്സൈറ്റുകൾ സന്ദർശിച്ചും ഇയാള്‍ നിര്‍മാണ സാമഗ്രികളെ കുറിച്ച് മനസിലാക്കും. ഇതിന് പിന്നാലെ ഇത്തരം നിര്‍മാണ കമ്പനികളുമായി ബന്ധപ്പെടുകയും കുറഞ്ഞ വിലയില്‍ സാമഗ്രികള്‍ എത്തിച്ച് നല്‍കാമെന്ന് പറയുകയും ചെയ്യും. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ഓഫര്‍ സ്വീകരിക്കുകയും വ്യാജ ജിഎസ്‌ടി ബില്‍ അടക്കം നിര്‍മിച്ച് കമ്പനി എക്‌സിക്യൂട്ടീവുകള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
ബില്‍ അയച്ച് കൊടുക്കുന്നതിനൊപ്പം അഡ്വാന്‍സായി പണം ആവശ്യപ്പെടും. ബില്‍ അയച്ച് നല്‍കിയത് കൊണ്ട് ഇതില്‍ ആര്‍ക്കും സംശയവും തോന്നില്ല. ആവശ്യപ്പെട്ട പണം കൈപ്പറ്റിയാല്‍ പിന്നീട് ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിക്കുകയില്ലെന്ന് മാത്രമല്ല കമ്പനി എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ട സാമഗ്രികളും ലഭിക്കില്ല. ഇതോടെയാണ് പലരും തട്ടിപ്പിന് ഇരയായതായി മനസിലാക്കുന്നത്.
കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്‌ടര്‍ പ്രകാശ് പി, എഎസ്ഐ ജിതേഷ് കൊള്ളങ്ങോട്ട്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ് ചാലിക്കര, ഫെബിന്‍ കാവുങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
also read:പുലിയാണ് പൊലീസ്; പാലായിലെ ഓണ്‍ലൈന്‍ തട്ടിപ്പുകാരെ അകത്താക്കി, പിടിയിലായത് യുപി സ്വദേശികള്‍