കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,492 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. 62 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്. ഷാർജയിൽ നിന്നും എയർ അറേബ്യയുടെ വിമാനത്തില്‍ ചൊവ്വാഴ്ച്ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്നാണ് സ്വർണ മിശ്രിതം പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കരിപ്പൂരില്‍ 62 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി
കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്
കാസർകോട് സ്വദേശിയായ ഹംസയുടെ ( 21 ) പക്കൽ നിന്നും 1065 ഗ്രാം സ്വർണമിശ്രിതവും മലപ്പുറം സ്വദേശി ഫിറോസിന്‍റെ ( 23 ) പക്കൽ നിന്നും 427 ഗ്രാം സ്വർണമിശ്രിതവുമാണ് കണ്ടെത്തിയത്. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ കെ.വി.രാജന്‍റെ നിർദേശ പ്രകാരം സൂപ്രണ്ടുമാരായ പ്രവീൺ കുമാർ കെ.കെ, പ്രേംജിത്, കെ സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ പ്രതീഷ്, എം മുഹമ്മദ് ഫൈസൽ, ഇ.ജയദീപ് എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.