കോഴിക്കോട്:കെട്ടിടം പണിയുന്നതിനെ ചൊല്ലി ഓര്‍ക്കാട്ടേരിയില്‍ സിപിഎം-മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ സംഘര്‍ഷം. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പി.പി.ജാഫർ നിർമിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. നാദാപുരം-മുട്ടുങ്ങല്‍ റോഡ് വികസിപ്പിച്ച വേളയിലുണ്ടായ ധാരണക്കു വിരുദ്ധമായി ഇരുനില കെട്ടിടം നിര്‍മിക്കുന്നതായി സിപിഎം പ്രവർത്തകർ ആരോപിച്ചു.
ഓർക്കാട്ടേരിയിൽ സിപിഎം - ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പി.പി.ജാഫർ നിർമിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്
അതേസമയം മുന്‍സിഫ് കോടതിയുടെ അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് കെട്ടിടം പണി തുടങ്ങിയതെന്നാണ് ജാഫറിന്‍റെ വാദം. എന്നാല്‍ കെട്ടിടത്തിന്‍റെ ഒരു നില പണിയാനാണ് അനുമതി നല്‍കിയതെന്നും ജാഫര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് രണ്ടാമത്തെ നില പണിയാന്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇതിനു പിന്നാലെ ജാഫറിനെ പിന്തുണച്ച് ലീഗ് പ്രവര്‍ത്തകരും മുന്നോട്ട് വന്നതോടെ സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്പും കെട്ടിടം പണിയെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. അന്ന് സിപിഎം ശക്തമായി എതിര്‍ത്തതോടെ ജോലി നിര്‍ത്തി വെക്കുകയായിരുന്നു.