കോഴിക്കോട്: സംസ്ഥാന കോൺഗ്രസിൽ ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചതോടെ ഉടലെടുത്തത് ഇക്കാലമത്രയും കാണാത്ത ഗ്രൂപ്പ് പോര്. എ, ഐ ഗ്രൂപ്പുകളെ സൈഡാക്കി സുധാകര - സതീശ മേധാവിത്വം പലയിടങ്ങളിലും പ്രകടമായി. അതിന് കെ.സി വേണുഗോപാലിൻ്റെ പരോക്ഷ പിന്തുണ കൂടി ലഭിച്ചതോടെ മുതിർന്ന ഗ്രൂപ്പ് മേധാവികൾ അങ്കലാപ്പിലായി.
ഉമ്മൻചാണ്ടി ഗ്രൂപ്പിനെ അരിഞ്ഞ് വീഴ്‌ത്തിയതിൽ ബെന്നി ബഹനാൻ പരസ്യമായി അരിശം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടരിശം തീരാത്ത കെ.സി ജോസഫും എം.എ ഹസ്സനും ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചിരിക്കുകയാണ്. മലബാറിലും പ്രത്യേകിച്ച് കോഴിക്കോട്ടും വലിയ തരത്തിലുള്ള ക്ഷീണമാണ് എ ഗ്രൂപ്പിനുണ്ടായത്. പകരം ലാഭം കിട്ടിയത് മറുകണ്ടം ചാടിയ ടി സിദ്ധിഖിൻ്റ നേതൃത്വത്തിലുള്ള നേതാക്കൾക്കും.
കലിതുള്ളി 'എ ഗ്രൂപ്പ്': ഉമ്മൻചാണ്ടിയുടെ നല്ല കാലത്ത് എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് വയ്യാതായപ്പോൾ കാലുമാറിയ നേതാവാണ് സിദ്ധിഖ് എന്ന അപഖ്യാതി കോൺഗ്രസ് നേതാക്കൾ പങ്കുവയ്‌ക്കുന്ന കാര്യമാണ്. എന്നാൽ യേശു ക്രിസ്‌തുവിനും യൂദാസിനും ഒരേ പരിഗണന ബ്ലോക്ക് പ്രസിഡന്‍റുമാരെ നിയമിക്കുന്ന കാര്യത്തിൽ പ്രതീക്ഷിച്ചില്ലെന്നും കോഴിക്കോട്ടെ ഒരു തലമുതിർന്ന നേതാവ് പങ്കുവച്ചു.
ബ്ലോക്ക് പ്രസിഡന്‍റുമാരുടെ യോഗം ചേരാനിരിക്കെ ടി സിദ്ധിക്കിൻ്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചുചേർക്കുന്നതിനെതിരെയും എ ഗ്രൂപ്പ് പ്രതിനിധികൾ പരാതി നൽകിയിരിക്കുകയാണ്. വയനാട് മണ്ഡലത്തിലെ എംഎൽഎയായ സിദ്ധിഖ് അവിടം സുരക്ഷിതായി നിർത്തി കോഴിക്കോട്ട് കുത്തിത്തിരിപ്പുണ്ടാക്കുന്നുവെന്നാണ് കെ.സി അബു സംസ്ഥാന നേതൃത്വത്തിന് അയച്ച കത്തിൽ പറയുന്നത്. ജില്ലയിൽ കോൺഗ്രസിന് ഒരു എംഎൽഎ പിന്നിട്ട് വർഷങ്ങളായി. അതിന് വേണ്ടിയുള്ള കൂട്ടായ ശ്രമമാണ് നടക്കേണ്ടത്. വിഭാഗീയതയുണ്ടാക്കി മുന്നോട്ടുപോയാൽ ആരും രക്ഷപ്പെടില്ല. ഈ സമീപനം ശരിയല്ലെന്നും മുൻ ഡിസിസി പ്രസിഡന്‍റ് കൂടിയായ കെ.സി അബു പറയുന്നു.
പരാതികളും പരിഭവങ്ങളുമായി 'ഐ ഗ്രൂപ്പും': കെ സുധാകരനും വി.ഡി സതീശനും ചേർന്ന് ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനം വെട്ടിപ്പിടിച്ചതിൽ ഐ ഗ്രൂപ്പിനും കടുത്ത പ്രതിഷേധമുണ്ട്. രമേശ് ചെന്നിത്തല അത് തുറന്നുപ്രസ്ഥാവിച്ചതോടെ എ, ഐ ഒരുമിച്ചുള്ള പോരിനാണ് കേരള രഷ്ട്രീയം സാക്ഷ്യം വഹിക്കാൻ പോകുന്നത്. കേരളത്തിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് കോൺഗ്രസ് അധ്യക്ഷനെ കണ്ട് ചെന്നിത്തല ധരിപ്പിച്ചു കഴിഞ്ഞതാണ്. എന്നാൽ എ ഗ്രൂപ്പിൻ്റെ പരാതിയിൽ കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കേരള നേതൃത്വത്തെ അനുകൂലിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. ഈ സാഹചര്യത്തിൽ ഐ ഗ്രൂപ്പിനെ കൂടി ഒപ്പം ചേർത്ത് നീക്കങ്ങൾ നടത്താനാണ് പൊതുധാരണ. അതിന് ഉമ്മൻചാണ്ടിയുടെ ആശീർവാദവുമുണ്ട്. എന്നാൽ കെ.സി വേണുഗോപാലിന് താത്‌പര്യം കേരളത്തിലെ പുതിയ നേതൃത്വത്തോടാണ് എന്നിരിക്കെ പരാതികൾക്കൊക്കെ എത്രത്തോളം പരിഹാരമുണ്ടാകും എന്നത് കണ്ടറിയറിയണം.
'ഭരണവിരുദ്ധത' മുതലെടുക്കാനാവാതെ:ഒന്നാം പിണറായി സർക്കാറിനെ അപേക്ഷിച്ച് രണ്ടാം സർക്കാർ ശക്തമായ ആരോപണ ശരങ്ങളേറ്റ് കിടക്കുമ്പോഴാണ് പ്രതിപക്ഷം തമ്മിലടിച്ച് മുഖംതിരിഞ്ഞ് നിൽക്കുന്നത് എന്നതിലാണ് ജനങ്ങൾ ആശ്ചര്യം കൊള്ളുന്നത്. സംസ്ഥാന കോൺഗ്രസിലെ ഏറ്റവും വലിയ ഗ്രൂപ്പുകളിക്കാരായിരുന്ന കരുണാകര - ആൻ്റണി കാലത്തും പാർട്ടിയെ ഇല്ലാതാക്കുന്ന നീക്കങ്ങൾ ഇത്രത്തോളം ഉണ്ടായിട്ടില്ല. 1992ൽ സംഘടന തെരഞ്ഞെടുപ്പ് നടന്നപ്പോൾ മൃഗീയ ഭൂരിപക്ഷം ലീഡർ കരുണാകരൻ്റെ പക്ഷത്തായിരുന്നു. 17 വോട്ടിന് വയലാർ രവിയോട് ആൻ്റണി തോറ്റതടക്കം എ ഗ്രൂപ്പിൻ്റെ പ്രമുഖല്ലാം കടപുഴകി വീണു. ജയത്തിൻ്റെ കരുത്തിൽ കേരളമൊന്നടങ്കം സഞ്ചരിച്ച ലീഡർ എതിർചേരിയേയും ചേർത്ത് പിടിച്ച് അർഹമായ പദവി കൊടുത്തു. അത് കോൺഗ്രസിനെ ഒരു വടവൃക്ഷമാക്കി.
എന്നാൽ, ഇന്ന് നേതാക്കളും സ്ഥാനവും മതി പാർട്ടി വേണ്ട എന്നവസ്ഥയിൽ, കോൺഗ്രസിനെ സ്നേഹിക്കുന്നവർ വലിയ നിരാശയിലാണ്. ഗ്രൂപ്പിൻ്റെ പേരിൽ കിട്ടുന്ന അവസരത്തിൽ ആഞ്ഞുവെട്ടി ആനന്ദം കൊള്ളുന്ന നേതാക്കൾക്ക് ഉമ്മൻചാണ്ടിയോട് സി ദിവാകരൻ കാണിച്ച പശ്ചാത്താപം പോലുമില്ലല്ലോ എന്നാണ് പല പ്രവർത്തകരും പങ്കുവയ്‌ക്കുന്ന ആശങ്ക.
Also Read: സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ യോഗ്യത നേടിയവരുടെ പേരുകൾ പ്രഖ്യാപിച്ചു