തിരുവനന്തപുരം/ കോഴിക്കോട് :ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിലുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
'കോഴിക്കോട് ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പിഞ്ച് കുഞ്ഞ് അടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ - കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്ട്മെന്‍റില്‍ ഉണ്ടായിരുന്ന യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്‍റെ മുഴുവൻ വിവരങ്ങളും നിയമത്തിന് മുന്നിൽ കൊണ്ട് വരാനും പൊലീസിന് നിർദേശം നൽകി. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമായി നടത്തുകയാണ്.
സംസ്ഥാന പൊലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ട്. റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
Also Read:ട്രെയിനിലെ തീവയ്‌പ്പ് : ഭീകരവാദ ബന്ധം പരിശോധിക്കുന്നു, അക്രമിയുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുത്ത്
കഴിഞ്ഞ ദിവസം രാത്രിയിലാണ് അജ്ഞാതന്‍ കോഴിക്കോട് ഓടുന്ന ട്രെയിനിൽ സഹയാത്രകരുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം തീക്കൊളുത്തിയത്. എലത്തൂർ റെയില്‍വേ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിൽ വച്ചായിരുന്നു സംഭവം. പ്രകോപനം ഒന്നും ഇല്ലാതെ ആയിരുന്നു അക്രമി ട്രെയിനിലുണ്ടായിരുന്ന സഹയാത്രികരുടെ മേല്‍ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തിയത്.
പിന്നാലെ, യാത്രക്കാരില്‍ ഒരാള്‍ അപായച്ചങ്ങലെ വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ കോരപ്പുഴ പാലത്തിന് മുകളിലായി നിർത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ട്രെയിനില്‍ നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ ഒമ്പത് പേര്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ നടത്തിയ പരിശേധനയിലാണ് മൂന്ന് പേരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
43 കാരിയായ മട്ടന്നൂർ സ്വദേശി റഹ്‌മത്ത്, ഇവരുടെ അനുജത്തിയുടെ മകൾ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. ട്രെയിനിൽ തീ പടർന്ന സമയത്ത് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയവരായിരിക്കാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ, അക്രമിയുടേതാണ് എന്ന് കരുതുന്ന ബാഗ് റെയില്‍വേ ട്രാക്കിൽ നിന്നും പൊലീസ് കണ്ടെത്തി.
കാൽഭാഗം പെട്രോൾ അടങ്ങിയ കുപ്പി, പോക്കറ്റ് ഡയറി, മൊബൈൽ ഫോൺ, ഇയർഫോൺ തുടങ്ങിയ സാധനങ്ങളും ബാഗിനുള്ളില്‍ നിന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ ഈ തെളിവുകള്‍ നിര്‍ണായകമായേക്കും എന്നാണ് വിലയിരുത്തല്‍. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിക്ക് വേണ്ടിയുള്ള തെരച്ചിലും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
Also Read:അക്രമിയെന്ന് കരുതുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത് ; യുപി സ്വദേശിയെന്ന് സംശയം