കേരളം

kerala

ETV Bharat / state

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി പൊലീസ്

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Youth congress collectorate march on Budget  Clash in Youth congress collectorate march  Youth congress Kozhikode collectorate march  Youth congress  Youth congress Kozhikode district committee  യൂത്ത് കോണ്‍ഗ്രസ്  മാര്‍ച്ചില്‍ സംഘര്‍ഷം  യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റി  ദുല്‍ക്കിഫില്‍  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി  യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ആര്‍ ഷെഹിന്‍  ഷാഫി പറമ്പില്‍  വി ഡി സതീശന്‍
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

By

Published : Feb 9, 2023, 5:00 PM IST

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട് :സര്‍ക്കാരിന്‍റേത് ജനവിരുദ്ധ ബജറ്റാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ടറേറ്റ് മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ആര്‍ ഷെഹിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ ഉള്‍പ്പടെ പത്തോളം പ്രവര്‍ത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്‌തുനീക്കി.

ജലപീരങ്കി പ്രയോഗത്തിനിടെ പൊലീസ് നേരിട്ടെത്തി പ്രവര്‍ത്തകരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. അരമണിക്കൂറിലധികം ദേശീയ പാത ഉപരോധിച്ചതിന് ശേഷമാണ് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് മാറ്റിയത്.

സര്‍ക്കാരിനെ താക്കീത് ചെയ്‌ത് ഡിസിസി പ്രസിഡന്‍റ് : എരഞ്ഞിപ്പാലത്ത് നിന്നും കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറോളം പ്രവര്‍ത്തകരാണ് അണിനിരന്നത്. ഡിസിസി പ്രസിഡന്‍റ് അഡ്വ കെ പ്രവീണ്‍കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു. ജനദ്രോഹ നടപടികള്‍ നടപ്പില്‍ വരുത്താന്‍ കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും മത്സരം നടത്തുകയാണെന്ന് പ്രവീണ്‍കുമാര്‍ വിമര്‍ശിച്ചു.

സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്തിറക്കില്ലെന്നും നിദ്രാവിഹീന രാത്രികളാവും ഇവര്‍ക്കുണ്ടാവുകയെന്നും പ്രവീണ്‍കുമാര്‍ താക്കീത് ചെയ്‌തു. ജനദ്രോഹ നടപടികളിലൂടെ മാത്രം ഭരണം നടത്തുന്ന സര്‍ക്കാരിനെതിരെ തെരുവുകള്‍ തോറും പ്രക്ഷോഭം നടത്തുമെന്നും നടപടി പിന്‍വലിക്കും വരെ കോണ്‍ഗ്രസ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ആര്‍ ഷെഹിന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി വിദ്യ ബാലകൃഷ്‌ണന്‍, എന്‍ എസ് യു ദേശീയ ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ധനീഷ് ലാല്‍, വി പി ദുല്‍ഖിഫില്‍, ഒ ശരണ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബവീഷ് ചേളന്നൂര്‍ സ്വാഗതം പറഞ്ഞു.

സമരത്തിന് കച്ചകെട്ടി യൂത്ത് കോണ്‍ഗ്രസ്: ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ തെരുവില്‍ സമരം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ പ്രതികരിച്ചു. കേരളത്തിലെ സാധാരണ ജനങ്ങളെ വകവയ്‌ക്കാതെ പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു എന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. ഏകാധിപത്യ രീതിയിലാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം എന്നും ഇതിനെതിരെ തെരുവില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധാര്‍ഷ്‌ട്യത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ഭാഷയ്‌ക്ക് തെരുവില്‍ മറുപടി നല്‍കുമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ വ്യക്തമാക്കി. നിയമസഭയിലെ സത്യഗ്രഹത്തെ പരിഹസിച്ച സര്‍ക്കാര്‍ നാളെ ഭരണം നഷ്‌ടപ്പെട്ട് പ്രതിപക്ഷത്തിരിക്കുമെന്നും അദ്ദേഹം താക്കീത് ചെയ്‌തു.

അതേസമയം ബജറ്റിലെ നികുതി വര്‍ധനയില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഇന്ധന സെസ് പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മുഴുവന്‍ നികുതിയും പിന്‍വലിക്കണമെന്ന അഭിപ്രായം ഇല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. എന്നാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഏര്‍പ്പെടുത്തിയ രണ്ട് രൂപ സെസ് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details